Headlines
Loading...
വിമാനം തകര്‍ന്ന് ആമസോണ്‍ കാട്ടില്‍ അകപ്പെട്ട നാല് കുട്ടികളെ 40 ദിവസത്തിന് ശേഷം കണ്ടെത്തി

വിമാനം തകര്‍ന്ന് ആമസോണ്‍ കാട്ടില്‍ അകപ്പെട്ട നാല് കുട്ടികളെ 40 ദിവസത്തിന് ശേഷം കണ്ടെത്തി

ബൊഗോട്ട: കൊളംബിയയില്‍ ആമസോണ്‍ കാട്ടില്‍ വിമാനം തകര്‍ന്ന് കാണാതായ നാല് കുട്ടികളെ കണ്ടെത്തി. ഏറെ ദുര്‍ഘടമായ വനമേഖലയില്‍ 40 ദിവസത്തിന് ശേഷമാണ് കുട്ടികളെ കണ്ടെത്തുന്നത്. പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെയുള്ള സഹോദരങ്ങളെയാണ് കണ്ടെത്തിയത്. കുട്ടികളെ കണ്ടെത്തിയത് ചിത്രം സഹിതം കൊളംബിയന്‍ പ്രസിഡന്റ് സ്ഥിരീകരിച്ചു.

ഇക്കഴിഞ്ഞ മെയ് ഒന്നിന് ഉണ്ടായ വിമാന അപകടത്തിലാണ് പതിനൊന്ന് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞും നാലും ഒമ്പതും പതിമൂന്നും വയസുള്ള സഹോദരങ്ങളും കാട്ടില്‍ അകപ്പെട്ടത്. എഞ്ചിന്‍ തകരാറിനെ തുടര്‍ന്നാണ് ഇവര്‍ സഞ്ചരിച്ചിരുന്ന സെസ്‌ന 206 വിമാനം തകര്‍ന്നത്. ആമസോണിലെ അരാറക്വാറയില്‍ നിന്ന് സാന്‍ ജോസ് ഡേല്‍ ഗ്വവിയാരേയിലേക്കുള്ള യാത്രാ മദ്ധ്യേ ആമസോണ്‍ കാടുകളില്‍ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. കുട്ടികളടക്കം ഏഴ് പേരായിരുന്നു ചെറുവിമാനത്തിലെ യാത്രക്കാര്‍. പൈലറ്റും കുട്ടികളുടെ അമ്മയും അടക്കം മൂന്ന് പേര്‍ അപകടത്തില്‍ മരിച്ചു. ഇവരുടെ മൃതദേഹം വിമാനാവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന കുട്ടികളെ കണ്ടെത്താനായിരുന്നില്ല.

കമ്പുകളും ചില്ലകളും ഉപയോഗിച്ച് നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡും കുട്ടികളുടെ ഹെയര്‍ ക്ലിപ്പും ഫീഡിംഗ് ബോട്ടിലും പാതി ഭക്ഷിച്ച പഴങ്ങളും കണ്ടെത്തിയതിന് പിന്നാലെ സേനയുടെ നിരവധി സംഘങ്ങളാണ് അഗ്‌നി രക്ഷാ സേനക്കൊപ്പം ആമസോണ്‍ കാട്ടില്‍ തിരച്ചിലിനിറങ്ങിയത്. നിരവധി നായ്ക്കളെയും സേനാ ഹെലികോപ്ടറുകളും വ്യോമസേനയും തിരച്ചിലില്‍ പങ്കെടുത്തിരുന്നു.