Headlines
Loading...
മിനറല്‍ ഓയില്‍ സാന്നിധ്യം; ശബരി അഗ്മാര്‍ക്ക് വെളിച്ചെണ്ണ തിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കി സപ്ലൈകോ

മിനറല്‍ ഓയില്‍ സാന്നിധ്യം; ശബരി അഗ്മാര്‍ക്ക് വെളിച്ചെണ്ണ തിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കി സപ്ലൈകോ

സപ്ലൈകോയുടെ മൂന്നാര്‍ ഡിപ്പോയില്‍ വിതരണം ചെയ്ത ശബരി അഗ്മാര്‍ക്ക് വെളിച്ചെണ്ണയില്‍ മിനറല്‍ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം കണ്ടെത്തി. ഇതേ തുടര്‍ന്ന് ആ ബാച്ചില്‍ പെട്ട ശബരി അഗ്മാര്‍ക്ക് വെളിച്ചെണ്ണ എല്ലാ വില്‍പനശാലകളില്‍ നിന്നും ഡിപ്പോകളില്‍ നിന്നും തിരിച്ചെടുക്കാന്‍ സപ്ലൈകോ നിര്‍ദേശം നല്‍കി. വെളിച്ചെണ്ണ വിതരണം ചെയ്ത റോയല്‍ എഡിബിള്‍ കമ്പനിക്ക് സപ്ലൈകോ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

സപ്ലൈകോയുടെ ഗുണനിലവാര പരിശോധനാ വിഭാഗം കോന്നിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സി എഫ് ആര്‍ ഡി ലാബില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് വെളിച്ചെണ്ണയില്‍ മിനറല്‍ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയത്.

റോയല്‍ എഡിബിള്‍ കമ്പനിക്ക് നല്‍കിയിട്ടുള്ള പര്‍ച്ചേസ് ഓര്‍ഡറിന്മേല്‍ ഉള്ള വിതരണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചു. കാരണം കാണിക്കല്‍ നോട്ടീസിന് ലഭിക്കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കരിമ്പട്ടികയില്‍ പെടുത്തുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ സഞ്ജീബ് പട്ജോഷി അറിയിച്ചു.