Headlines
Loading...
ഇന്ത്യയില്‍ ഐഫോണിന് വില കുറയും, ഇന്ത്യ ആപ്പിളിന്റെ ഏറ്റവും വലിയ ഉല്പാദന കേന്ദ്രങ്ങളിലൊന്നാവും

ഇന്ത്യയില്‍ ഐഫോണിന് വില കുറയും, ഇന്ത്യ ആപ്പിളിന്റെ ഏറ്റവും വലിയ ഉല്പാദന കേന്ദ്രങ്ങളിലൊന്നാവും

യുഎസ് - ചൈന വാണിജ്യയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിയറ്റ്നാം, ഇന്ത്യ എന്നിവിടങ്ങളിലേക്ക് മാക്ബുക്ക്, ഐപാഡ്, ഐഫോൺ ഉൾപ്പടെയുള്ള സുപ്രധാന ഉൽപ്പന്നങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ മാറ്റാനുള്ള ശ്രമത്തിലാണ് ആപ്പിൾ.

ഈ വർഷം പകുതിയോടെ വിയറ്റ്നാമിൽ ഐപാഡ് നിർമാണം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം തുടക്കത്തിൽ തന്നെ 5ജി സൗകര്യമുള്ള ഐഫോൺ 12 ഫോണുകളുടെ നിർമാണം ഇന്ത്യയിൽ ആരംഭിക്കും. ഇത് ഐഫോണുകൾക്ക് ഇന്ത്യയിൽ വിലകുറയുന്നതിനിടയാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഐപാഡുകളെയും ഐഫോണുകളേയും കൂടാതെ എയർപോഡുകൾ, ഹോംപോഡ് മിനി, മാക്ബുക്ക് എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളും ചൈനയിൽനിന്ന് മാറ്റാനുള്ള ശ്രമത്തിലാണ് ആപ്പിൾ. ഹോംപോഡ് അവതരിപ്പിച്ചത് മുതൽ തന്നെ വിയറ്റ്നാമിൽ വെച്ചാണ് നിർമിക്കുന്നത്. ഇവിടുത്തെ ഹോംപോഡ് ഉൽപാദനം വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആപ്പിളിനെ കൂടാതെ മറ്റ് കമ്പനികളും ചൈന വിടാനൊരുങ്ങുകയാണെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. ആപ്പിളിന് വേണ്ടി ഉപകരണങ്ങൾ നിർമിച്ച് നൽകുന്ന ഫോക്സ്കോൺ, ലക്സ്ഷെയർ പ്രിസിഷൻ ഇൻസ്ട്രി പോലുള്ള സ്ഥാപനങ്ങളും വിയറ്റ്നാമിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

ചൈനക്ക് പുറത്തേക്ക് നിർമാണ പ്രവർത്തനങ്ങൾ കൊണ്ടുവരുന്നതോടെ ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാവും ഇന്ത്യ. അതേസമയം. ട്രംപ് ഭരണകൂടത്തിന്റെ കാലത്ത് രൂക്ഷമായ യുഎസ്-ചൈന വാണിജ്യ തർക്കത്തിൽ പുതിയ പ്രസിഡന്റായ ജോ ബൈഡന്റെ ഇടപെടലിൽ അയവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.