‘മന്ത്രിസ്ഥാനത്ത് തുടരുന്നത് ധാര്‍മ്മികതയല്ല’; ശിവന്‍കുട്ടി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം
നിയമസഭാ കയ്യാങ്കളിയില്‍ സുപ്രിം കോടതി അന്തിമവിധി പ്രസ്ഥാവിച്ച സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷം. പരിപാവനമായ നിയമസഭ തല്ലിതകര്‍ക്കാന്‍ നേതൃത്വം കൊടുത്തയാള്‍ മന്ത്രിയായിരിക്കുന്നത് ഈ സഭയ്ക്ക് ഭൂഷണമല്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു.
മന്ത്രിസഭയിലെ ഒരു മന്ത്രി ഒരു വിചാരണകോടതിയില്‍ വിചാരണ നേരിടുന്നത് നിയമവ്യവസ്ഥയ്ക്കും ധാര്‍മ്മികയ്ക്കും യോജിച്ചതല്ല. അദ്ദേഹം സ്വയം രാജിവെയ്ക്കാത്ത പക്ഷം അദ്ദേഹത്തോട് അടിയന്തരമായി രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.
നിയമസഭയ്ക്ക് അകത്താണെങ്കിലും പുറത്താണെങ്കിലും ഇന്ത്യയിലെ ഏതൊരു പൗരനും ചെയ്യുന്ന എല്ലാ കുറ്റകൃത്യങ്ങളും വിചാരണയ്ക്ക് വിധേയമാണ്. സുപ്രിംകോടതിയുടെ സുപ്രധാനമായ ഈ വിധി പ്രഖ്യാപനത്തോടെ നിയമസഭയിലെ ഒരു മന്ത്രിയും എംഎല്‍എയും അടക്കം ആറുപേര്‍ വിചാരണ നേരിടേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
വിധി തള്ളിയ സുപ്രിം കോടതി കടുത്ത വിമര്‍ശനമാണ് സര്‍ക്കാരിനതിരെ ഉര്‍ത്തിയിരിക്കുന്നത്. എംഎല്‍എമാര്‍ക്ക് ലഭിക്കുന്ന യാതൊരു പ്രവില്ലേജും ഈ കേസില്‍ ലഭിക്കില്ലെന്ന് അര്‍ഥശങ്കയ്ക്ക് ഇടയില്ലാതെ കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ഇതേ നിലപാടാണ് യുഡിഎഫ് നേരത്തെ സ്വീകരിച്ചത്. നിയമസഭാംഗങ്ങള്‍ക്ക് പ്രവില്ലേജുണ്ടെങ്കില്‍ ഒരു നിയമസഭാംഗം മറ്റൊരു നിയമസഭാംഗത്തെ കുത്തികൊലപ്പെടുത്തിയാല്‍ കേസെടുക്കാന്‍ കഴിയില്ലേ എന്നായിരുന്നു യുഡിഎഫിന്റെ ചോദ്യം. ആ ചോദ്യമാണ് സുപ്രിംകോടതിയും ആവര്‍ത്തിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു.
നിയമസഭാ കൈയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി തള്ളിയ സുപ്രിം കോടതി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള കേസിലെ മുഴുവന്‍ പ്രതികളും വിചാരണ നേരിടണമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങളൊന്നും അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണ്. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ സ്ഥാനം കൊണ്ട് കഴിയില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കേസുകള്‍ പിന്‍വലിക്കാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചനയാണ്. കൈയാങ്കളിയില്‍ നിയമസഭയുടെ പരിരക്ഷ നല്‍കാന്‍ കഴിയില്ല. കേസിന് സ്പീക്കറുടെ അനുമതി ഇല്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ കഴിയില്ല. നിയമസഭാംഗത്തെ അയോഗ്യനാക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് സ്പീക്കറുടെ അനുമതി വേണ്ടത് ഇത്തരം കേസുകളിലല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.