Headlines
Loading...
മാലിക്ക് വിറ്റത് 22 കോടിക്ക്, മരയ്ക്കാറിന് ഓഫര്‍ 70 കോടി? 18 മാസത്തോളം ഹോള്‍ഡ് ചെയ്‌തെന്ന് ആന്റണി

മാലിക്ക് വിറ്റത് 22 കോടിക്ക്, മരയ്ക്കാറിന് ഓഫര്‍ 70 കോടി? 18 മാസത്തോളം ഹോള്‍ഡ് ചെയ്‌തെന്ന് ആന്റണി

കൊച്ചി: ഫഹദ് ഫാസിലിന്റെ മാലിക്ക് ഒടിടിയില്‍ വന്‍ വിജയമായതോടെ കൂടുതല്‍ ബിഗ് ബജറ്റ് ചിത്രങ്ങളെ ആമസോണ്‍ അടക്കമുള്ള പ്ലാറ്റ്‌ഫോമുകള്‍ ലക്ഷ്യമിടുന്നു. നിരവധി സിനിമകള്‍ ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്നതും ഒടിടിയെ മുന്നില്‍ കണ്ടാണ്. എന്നാല്‍ ബിഗ് ബജറ്റ് ചിത്രങ്ങളൊന്നും ഇപ്പോള്‍ ഒടിടിയിലേക്ക് പോകാന്‍ താല്‍പര്യപ്പെടുന്നില്ല. ചെറിയ ബജറ്റ് ചിത്രങ്ങളാണ് കൂടുതലും ഇപ്പോള്‍ നിര്‍മിക്കുന്നത്. ഇവയെല്ലാം വരുന്നത് ഒടിടിയെ ലക്ഷ്യമിട്ടാണ്. പക്ഷേ വന്‍ ബജറ്റ് സിനിമകള്‍ ഒടിടിയുടെ ക്യാന്‍വാസ് വര്‍ധിപ്പിക്കും. അതാണ് അത്തരം സിനിമകളെ ലക്ഷ്യമിടാന്‍ കാരണം.


ഒന്നര വര്‍ഷത്തോളമാണ് തിയേറ്ററില്‍ റിലീസ് ആകുന്നതിനായി മാലിക് കാത്തിവെച്ചതെന്ന് സംവിധായകന്‍ മഹേഷ് നാരായണന്‍ പറയുന്നു. തിയേറ്റര്‍ റിലീസ് എന്നുണ്ടാവുമെന്ന് ഉറപ്പില്ലായിരുന്നു. പണം മുടക്കുന്നയാളെ സംരക്ഷിക്കേണ്ടതുണ്ട്. ഒടിടിയില്‍ 22 കോടി രൂപ നിര്‍മാതാവിന് ലഭിക്കും. മറ്റ് വില്‍പ്പനകള്‍ കൂടി നടക്കുമ്പോള്‍ സിനിമ ലാഭകരമാകുമെന്നും മഹേഷ് നാരായണന്‍ പറഞ്ഞു. 27 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യഥാര്‍ത്ഥ ബജറ്റ് 16 കോടിയോളമാണെന്നാണ് അനൗദ്യോഗിക വിവരം.

ഒടിടിക്ക് ചിത്രം നല്‍കിയാല്‍ അതോടെ തീര്‍ന്നുവെന്നാണ് ഞാന്‍ കരുതിയത്. സി യൂ സൂണ്‍ ഇറങ്ങിയപ്പോള്‍ ഇനി എന്താണെന്ന ആലോചനയായിരുന്നു. എന്നാല്‍ പടം വന്നതോടെ കാര്യങ്ങള്‍ മാറി. പലരും സമയം പോലും നോക്കാതെ വിളിക്കുന്നത്. ഒടിടിയില്‍ റിലീസ് ചെയ്താലും ഹിറ്റുണ്ടാകുമെന്ന് അതോടെ മനസ്സിലായി. പിന്നെയുള്ളത് ലോംഗെറ്റിവിറ്റിയാണ്. തിയേറ്ററിലെ ഹിറ്റ് മാസങ്ങളോളം നീണ്ടു നില്‍ക്കും. ഒടിടിയില്‍ അത് നാലോ അഞ്ചോ ദിവസം കൊണ്ട് കണ്ട് തീരുമെന്നും മഹേഷ് നാരായണന്‍ വ്യക്തമാക്കി.

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ രംഗത്തിറങ്ങിയെങ്കിലും മരയ്ക്കാര്‍ കൊടുക്കില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ ഉറപ്പിച്ച് പറയുന്നു. 70 കോടി വരെ ചിത്രത്തിന് ഓഫര്‍ ചെയ്തിട്ടുണ്ടെന്നാണ് സൂചന. ബാഹുബലി പോലെ പാന്‍ ഇന്ത്യന്‍ സ്വഭാവത്തിലുള്ള ചിത്രമായത് കൊണ്ടാണ് ഇത്ര വലിയൊരു ഓഫര്‍. എന്നാല്‍ നിലവില്‍ ഓഗസ്റ്റ് 12ന് മരയ്ക്കാര്‍ റിലീസ് ചെയ്യുമെന്നത് താല്‍ക്കാലിക തീരുമാനമാണെന്ന് ആന്റണി പറയുന്നു. മറിച്ചായാല്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കും. ഇതുവരെ മരയ്ക്കാര്‍ ഒടിടിക്ക് നല്‍കാന്‍ തീരുമാനച്ചിട്ടില്ലെന്നും ആന്റണി വ്യക്തമാക്കി.
അനിശ്ചിതത്വത്തിലേക്ക് പോയാല്‍ എന്ത് ചെയ്യുമെന്ന് അറിയില്ല. ഒടിടിയിലൂടെ ഫുള്‍ പൈസ് കിട്ടുമോ എന്നതല്ല പ്രശ്‌നം. ഇത്രയും ബജറ്റില്‍ ഇതുപോലൊരു സിനിമ മലയാളത്തില്‍ ആദ്യമായിട്ടാണ് വരുന്നത്. ആ സിനിമയുടെ പൂര്‍ണത തിയേറ്ററില്‍ നിന്ന് മാത്രമേ ലഭിക്കൂ. ഒടിടിയെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ട് പോലുമില്ല. ഓണത്തിന് സാധിച്ചില്ലെങ്കില്‍ അടുത്ത തവണ നോക്കും. നിലവില്‍ 18 മാസത്തോളമാണ് മരയ്ക്കാര്‍ ഹോള്‍ഡ് ചെയ്തിരിക്കുന്നതെന്നും ആന്റണി പറഞ്ഞു.

ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറും ആശങ്കകള്‍ പങ്കുവെക്കുന്നുണ്ട്. മരയ്ക്കാര്‍ ഓണത്തിന് റിലീസ് ചെയ്യുമെന്ന പ്രതീക്ഷ നിര്‍മാതാക്കള്‍ക്ക് പോലുമില്ലെന്ന് അദ്ദേഹം പറയുന്നു. ഇനി വെറും മൂന്നാഴ്ച്ചയാണ് ഉള്ളത്. ആ സമയം കൊണ്ട് പരസ്യം അടക്കമുള്ള ഒരുക്കങ്ങള്‍ നടത്തണം. ഇനി തിയേറ്റര്‍ തുറക്കാന്‍ അനുമതി ലഭിച്ചാലും ജനം തിയേറ്ററിലേക്ക് വരണമല്ലോ. ഫാമിലികള്‍ ഈ അവസ്ഥയില്‍ തിയേറ്ററിലേക്ക് വരില്ല. തിയേറ്റര്‍ തുറന്നാല്‍ ഭീമമായ നഷ്ടം ഉറപ്പായും ഉണ്ടാവുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.