kerala
കൈക്കൂലിക്കേസില്‍ പ്രതി; മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു, വിവാദമായതോടെ സ്ഥലമാറ്റം
കോടികളുടെ കൈക്കൂലി കേസില്‍ പ്രതിയായായി ഒളിവില്‍ കഴിഞ്ഞിരുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ ജോസ് മോന്‍ ജോലിയില്‍ തിരികെ എത്തി. കോഴിക്കോട് ഓഫിസില്‍ ആണ് ഇന്നലെ ജോലിയില്‍ പ്രവേശിച്ചത്. ഇയാള്‍ക്കെതിരെ വിജിലന്‍സിന്റെ റിപ്പോര്‍ട്ട് കിട്ടിയില്ല എന്നതാണ് ജോലിയിലേക്ക് തിരികെ പ്രവേശിപ്പിക്കാന്‍ മലിനീകരണം നിയന്ത്രണ ബോര്‍ഡ് ഉയര്‍ത്തുന്ന വിശദീകരണം. സംഭവം വിവാദമായതോടെ ജോസ്‌മോനെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി ഉത്തരവിറക്കി.
കൈക്കൂലി കേസില്‍ പ്രതിയായിരുന്ന ജോസ്‌മോനെ കോഴിക്കോട് ജില്ലയില്‍ എന്‍വിയോന്‍മെന്റല്‍ എഞ്ചിനിയറായാണ് ജോലിയില്‍ പ്രവേശിപ്പിച്ചത്. ഡെപ്യൂട്ടഷനില്‍ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥ തിരികെ വന്നപ്പോഴാണ് ജോസ്‌മോനെ കോഴിക്കോട്ടേക്ക് മാറ്റിയത്. സംഭവം വിവാദമായതോടെയായിരുന്നു തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയത്. ജോസ്‌മോനെതിരെ വകുപ്പ് തല നടപടിയും ഉണ്ടായിട്ടില്ല. പാലായിലെ ടയര്‍ അനുബന്ധ സ്ഥാപനത്തിന്റെ ലൈസന്‍സ് നല്‍കാന്‍ ബന്ധപെട്ടു കൈക്കൂലി വാങ്ങി എന്നതാണ് ജോസ്‌മോനെതിരായ പരാതി.
ജോസ്‌മോന്റെ കൊല്ലം എഴുകോണിലെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ഒന്നര കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകള്‍ കണ്ടെത്തിയിരുന്നു. കൊല്ലത്ത് നിര്‍മ്മാണം നടക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിന്റെ രേഖകളും വാഗമണ്ണില്‍ നിര്‍മ്മാണം നടക്കുന്ന റിസോര്‍ട്ട് രേഖകളും കണ്ടെടുത്തിരുന്നു. ഒന്നര ലക്ഷം രൂപയും അമേരിക്കന്‍ ഡോളര്‍ അടക്കം വിദേശ കറന്‍സികളും വീട്ടില്‍ നിന്ന് അന്ന് വിജിലന്‍സ് പിടിച്ചെടുത്തു. കേസിലെ ഒന്നാം പ്രതിയായ എ എം ഹാരിസ് ഇപ്പോള്‍ ജയിലിലാണ്. കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു ഹാരിസ് പിടിയിലായത്. ഈ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ജോസ്‌മോന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.