Headlines
Loading...
പോസ്റ്റിട്ടാല്‍ താഴെ കമന്റുകളുടെ 'തിരുവാതിര'; വെട്ടിലായി തൃശൂര്‍ കാസർഗോഡ് കലക്ടറും

പോസ്റ്റിട്ടാല്‍ താഴെ കമന്റുകളുടെ 'തിരുവാതിര'; വെട്ടിലായി തൃശൂര്‍ കാസർഗോഡ് കലക്ടറും

കൊവിഡ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാറിട്ട ഫേസ്ബുക്ക് പോസ്റ്റിൽ കമന്റുകളുടെ പ്രവാഹം. സിപിഐഎം ജില്ലാ സമ്മേളനം കണ്ടില്ലെന്ന് നടിച്ച് ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ട് എന്താണ് കാര്യമെന്നാണ് പോസ്റ്റിനെതിരെ ഉയരുന്ന ചോദ്യം. 'കൂട്ടം കുറച്ചാല്‍ നേട്ടം കൂടും. തിരക്കുകളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കുക. കൊവിഡ് പടരാനുള്ള സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുക' എന്നായിരുന്നു ഇന്നലെ കലക്ടറിട്ട ഫേസ്ബുക്ക് പോസ്റ്റ്.

അതേസമയം തന്നെ തൃശൂര്‍ നഗരത്തില്‍ സിപിഐഎം ജില്ലാ സമ്മേളനം നടക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ വന്ന കലക്ടറുടെ ഉപദേശം ജനങ്ങള്‍ക്ക് പിടിച്ചില്ല. സിപിഐഎം പരിപാടികള്‍ നടത്തി കൊവിഡ് വ്യാപനം വര്‍ധിപ്പിക്കുന്നതിന് ഞങ്ങളെന്ത് ചെയ്യാനാണെന്നാണ് പോസ്റ്റിനു താഴെ വന്ന കമന്റുകള്‍. തുടരെ ട്രോളുകളും വരുന്നുണ്ട്. തിരുവാതിരക്കാരോട് പോയി പറ എന്നാണ് പലരുടെയും കമന്റ്. പരിഹാസ കമന്റുകളുടെ എണ്ണം കൂടിയതോടെ ഒടുവില്‍ കമന്റ് ബോക്‌സ് കലക്ടര്‍ക്ക് ഓഫാക്കേണ്ടി വന്നു. എന്നാലിപ്പോള്‍ കമന്റ് ബോക്‌സ് ഓണാണ്.

ഇന്ന് തൃശൂര്‍ കലക്ടറാണെങ്കില്‍ കഴിഞ്ഞ ദിവസം കാസര്‍കോട് കലക്ടര്‍ സ്വാഗത് ആര്‍ ഭണ്ഡാരി ആയിരുന്നു സോഷ്യല്‍ മീഡിയയിലെ ഇര. കാസര്‍കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയ തീരുമാനം രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ കലക്ടര്‍ പിന്‍വലിച്ചിരുന്നു. സിപിഐഎം ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കുന്നതിനാലാണ് കലക്ടര്‍ തീരുമാനം മാറ്റിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ഉത്തരവ് പിന്‍വലിച്ചത് ആരുടെയും സമ്മര്‍ദം മൂലമല്ലെന്ന് ജില്ലാ കലക്ടര്‍ പിന്നീട് വ്യക്തമാക്കി. നേരത്തെ നിലവിലുണ്ടായിരുന്ന മാര്‍ഗ നിര്‍ദ്ദേശ പ്രകാരമായിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചത്.

എന്നാല്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം വന്നതിനെതുടര്‍ന്ന് തീരുമാനം റദ്ദാക്കുകയായിരുന്നെന്നും കലക്ടര്‍ വ്യക്തമാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കില്‍ മാത്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മതി. അല്ലാത്ത പക്ഷം എന്തിനാണ് നിയന്ത്രണങ്ങള്‍ വെച്ച് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത്. സ്ഥിരവേതനമുള്ള എന്നെപ്പോലുള്ളവരെയല്ല ലോക്ഡൗണ്‍ ബാധിക്കുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് റിക്ഷാ ഡ്രൈവര്‍മാര്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളും കലക്ടര്‍ ചൂണ്ടിക്കാട്ടി. വിവാദത്തിനിടെ കാസര്‍കോട് കലക്ടര്‍ അവധിയില്‍ പ്രവേശിക്കുകയും ചെയ്തു.