ഉദുമയിലെ ഭാസ്കര കുമ്പള സ്മാരക ബസ് കാത്തിരിപ്പുകേന്ദ്രം സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ചൊവ്വാഴ്ച രാത്രി പത്തരയോടെ പൊളിച്ചുനീക്കി. കോടതിയലക്ഷ്യ നടപടി നേരിടാതിരിക്കാൻ കാത്തിരിപ്പുകേന്ദ്രം പൊളിക്കാൻ തിങ്കളാഴ്ച 12 മണിയോടെ സർവസന്നാഹങ്ങളുമായി കാസർകോട് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും പോലീസും എത്തിയിരുന്നു. പൊളിക്കുന്നതിനെതിരേ സി.പി.എം , ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംഘടിച്ചെത്തിയതോടെ ഇവർ മടങ്ങിപ്പോയി. ചൊവ്വാഴ്ച വൈകിട്ട് നാലുമണിക്ക് പൊളിക്കാം എന്ന് പ്രവർത്തകർ ഡെപ്യൂട്ടി കളക്ടർക്ക് ഉറപ്പുനൽകിയിരുന്നു.
ബുധനാഴ്ച രാവിലെ ഹൈക്കോടതി ഈ കേസ് എടുക്കുമ്പോൾ പൊളിച്ചുനീക്കിയതായി ജില്ലാഭരണകൂടം റിപ്പോർട്ട് നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയടക്കം പലരും ഉത്തരം പറയേണ്ടിവരുമെന്ന അവസ്ഥയുണ്ടായിരുന്നു. ഇതൊഴിവാക്കാനാണ് പ്രവർത്തകർതന്നെ നിർമിതി നീക്കംചെയ്തത്.