Headlines
Loading...
23,000 അടിസ്ഥാന ശമ്പളം, 137% ഡിഎ, വനിത ജീവനക്കാർക്ക് ഒന്നരവര്‍ഷം വരെ പ്രസവ അവധി; കെഎസ്ആർടിസി ശമ്പളപരിഷ്കരണം

23,000 അടിസ്ഥാന ശമ്പളം, 137% ഡിഎ, വനിത ജീവനക്കാർക്ക് ഒന്നരവര്‍ഷം വരെ പ്രസവ അവധി; കെഎസ്ആർടിസി ശമ്പളപരിഷ്കരണം

കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌ക്കരണത്തില്‍ ധാരണയായി. പതിനൊന്നാം ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത അതേ ശമ്പള സ്‌കെയില്‍ കെഎസ്ആര്‍സിയിലും നടപ്പാക്കാനാണ് ധാരണ. കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകളുമായി ഗതാഗതമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് അന്തിമതീരുമാനം ഉണ്ടായത്. ഇതോടെ കെഎസ്ആർടിസി ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 8730 ത്തില്‍ നിന്ന് 23,000 രൂപ ആയി ഉയരും.2021 ജൂണ്‍ മാസം മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരിക്കും ശമ്പള വർദ്ധനവ്. ഈ കുടിശ്ശിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ നല്‍കാനാണ് തീരുമാനം. 2022 ജനുവരി മാസം മുതലായിരിക്കും പുതുക്കിയ ശമ്പളം നല്‍കിത്തുടങ്ങുക. ഡി.എ. 137 ശതമാനം പുതിയ ശമ്പള സ്കെയിലില്‍ ലയിപ്പിക്കും. ഫിറ്റ്മെന്റ് അലവന്‍സ് 10 ശതമാനം നിലനിര്‍ത്തും.

ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്ക് തസ്തികയില്‍ ജോലി ചെയ്യുന്ന വനിത ജീവനക്കാരുടെ പ്രസവ അവധി 180 ദിവസത്തില്‍ നിന്ന് ഒന്നരവര്‍ഷമാക്കി ഉയർത്തി. 6 മാസത്തിന് ശേഷം പ്രതിമാസം ചെെല്‍ഡ് കെയർ അലവന്‍സായി 5000 രൂപ നല്‍കും. സര്‍വ്വീസ് ആനുകൂല്യങ്ങള്‍ക്ക് ഈ കാലയളവു പരിഗണിക്കുകയും ചെയ്യുന്ന സ്ത്രീ സൗഹൃദ പ്രഖ്യാപനവും പുതിയ ശമ്പളപരിഷ്കരണത്തിലുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. വീട്ടു വാടക ബത്ത 4 ശതമാനം നിരക്കില്‍ കുറഞ്ഞത് 1200/- രൂപ മുതല്‍ 5000/- രൂപ വരെ വര്‍ദ്ധിപ്പിക്കും. ‍ഡി.സി.ആര്‍.ജി. 7 ലക്ഷത്തില്‍ നിന്നും 10 ലക്ഷമായി വര്‍ദ്ധിപ്പിക്കും. സി.വി.പി. 20 ശതമാനം തുടരും.

പ്രതിമാസം 20 ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് 50 രൂപയും 20ല്‍ കൂടുതല്‍ ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് 100 രൂപയും അധിക ബത്ത നല്‍കും. പ്രമോഷന്‍ ഘട്ടംഘട്ടമായി നടപ്പാക്കും. മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട് അനുസരിച്ച് നിയമപരമായി ഡ്യൂട്ടി പാറ്റേണ്‍ പരിഷ്കരിക്കും. എല്ലാ വിഭാഗം ജീവനക്കാരുടെയും ജോലി മാനദണ്ഡങ്ങള്‍ പരിഷ്കരിച്ച് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കും. 500 കി.മി.വരെയുള്ള ദീര്‍ഘദൂര ബസ്സുകള്‍ക്കായി ഡ്രൈവര്‍ കം കണ്ടക്ടറെ നിയോഗിക്കും. അന്തര്‍സംസ്ഥാന ബസുകളില്‍ ക്രൂ ചേഞ്ച് നടപ്പാക്കും.

ഡ്രൈവര്‍ കം കണ്ടക്ടര്‍, അക്കൗണ്ടിംഗ് വിഭാഗം എന്നീ പുതിയ കേഡര്‍ തസ്തികകൾ സൃഷ്ടിക്കും. മെക്കാനിക്കല്‍ ജനറല്‍, മെക്കാനിക്കല്‍ ഓട്ടോ എന്നിങ്ങനെ മെക്കാനിക്കല്‍ വിഭാഗം രണ്ടായി പുനസംഘടിപ്പിക്കും. സാമ്പത്തിക ബാധ്യത മറികടക്കാന്‍ 45 വയസിലധികം പ്രായമുള്ള ജീവനക്കാര്‍ക്ക് 50 ശതമാനം ശമ്പളത്തോടുകൂടി 5 വര്‍ഷം വരെ സര്‍വ്വീസ് ആനുകൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവധി അനുവദിക്കും. പൊതു അവധി 15 ആയും, നിയന്ത്രിതാവധി 4 ആയും നിജപ്പെടുത്തും.

പെപെന്‍ഷന്‍ പരിഷ്കരണം സംബന്ധിച്ച് പെന്‍ഷന്‍കാരുടെ സംഘടനകളുമായും സഹകരണ, ധനകാര്യ വകുപ്പുമായും ചര്‍ച്ച നടത്തി മുഖ്യമന്ത്രിയുടെ അനുമതിയോടെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. എംപാനല്‍ ജീവനക്കാരെ സംബന്ധിച്ച കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ 3 അംഗ സമിതിയെ നിയോഗിക്കും. കെഎസ്ആര്‍ടിസി സിഫ്റ്റ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായതിനാല്‍ 2022 ജനുവരിയില്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു..ശമ്പള പരിഷ്‌കരണത്തെ തൊഴിലാളി യൂണിയനുകള്‍ സ്വാഗതം ചെയ്തു. എന്നാല്‍ സ്വിഫ്റ്റിനെ എതിര്‍ക്കുന്ന നില്‍പാടില്‍ ഉറച്ചു നില്‍ക്കുമെന്ന് കോണ്‍ഗ്രസിന്റെ ടിഡിഎഫും (ട്രാന്‍സ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍), ബിഎംഎസിന്റെ കെഎസ്ടി എംപ്ലോയീസ് സംഘും അറിയിച്ചു.