national
'കെ റെയിൽ പദ്ധതിയിൽ നിന്ന് കേന്ദ്രം വിട്ടു നിൽക്കണം'; ലോക്സഭയിൽ കെ സുധാകരൻ
കേരള സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന സിൽവർ ലൈൻ പദ്ധതി അശാസ്ത്രീയവും അപ്രായോഗികവും സംസ്ഥാന താൽപര്യത്തിന് വിരുദ്ധവുമാണെന്ന് ലോക്സഭയിൽ കെ സുധാകരൻ എംപി. പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ വിട്ടു നിൽക്കണമെന്ന് ആവശ്യപ്പെട്ട കെ സുധാകരൻ ലോക്സഭയിൽ അടിയന്തര പ്രമേയനത്തിന് നോട്ടീസ് നൽകുകയും ചെയ്തു.529.45 കിലോമീറ്റർ അതിവേഗ റെയിൽപാത നിർമ്മിക്കുന്നതിന് 63,941 കോടി രൂപ സാമ്പത്തിക ബാധ്യത വരും. ഇത്രയും വലിയ ബാധ്യത കേരളത്തിന് താങ്ങാൻ കഴിയുന്നതല്ല.
പദ്ധതിയെക്കുറിച്ച് ശാസ്ത്രീയ, സാങ്കേതിക, സാമൂഹിക പാരിസ്ഥിതി, സാമ്പത്തിക, ആഘാത പഠനങ്ങളൊന്നും നടത്തിയിട്ടില്ല. മൂന്ന് പ്രളയങ്ങളെ അതിജീവിച്ച കേരളത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് പദ്ധതി ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതമെന്നും കെ സുധാകരൻ പറഞ്ഞു.
പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് കേരളത്തിൽ വലിയ പ്രക്ഷോഭങ്ങൾ നടക്കുകയാണ്. സിൽവർ ലൈൻ പദ്ധതിയെ റെയിൽവേ തന്നെ എതിർത്തിട്ടുണ്ട്. സിൽവർ ലൈൻ പദ്ധതിക്ക് പകരം ചെലവ് കുറഞ്ഞതും അനായാസവുമായ പകരം പദ്ധതികൾ പരിഗണിക്കേണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.