national
'ധീരതകൊണ്ട് അടയാളപ്പെടുത്തിയ നിസ്വാര്‍ത്ഥ സേവനത്തിന്റെ നാല് പതിറ്റാണ്ടുകള്‍'; അനുശോചനമറിയിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
സംയുക്ത സെെനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം അറിയിച്ചു. ജനറല്‍ ബിപിന്‍ റാവത്തിന്റെയും പത്‌നി മധുലിക ജിയുടെയും ആകസ്മിക വിയോഗത്തില്‍ ഞെട്ടലും വേദനയും രേഖപ്പെടുത്തുന്നതായി രാഷ്ട്രപതി ട്വീറ്റ് ചെയ്തു.'രാജ്യത്തിന് ധീരനായ ഒരു പുത്രനെ നഷ്ടപ്പെട്ടിരിക്കുന്നു. മാതൃരാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനത്തിന്റെ നാല് പതിറ്റാണ്ടുകള്‍ അസാധാരണമായ ധീരത കൊണ്ട് അടയാളപ്പെടുത്തപ്പെട്ടതാണ്. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു'- അദ്ദേഹം പറഞ്ഞു.
ജനറല്‍ ബിപിന്‍ റാവത്ത് ഒരു മികച്ച സൈനികനായിരുന്നു. ഒരു യഥാര്‍ത്ഥ ദേശസ്‌നേഹി. ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി എന്ന നിലയില്‍ പ്രതിരോധ മേഖലയിലെ നിരവധി പരിഷ്‌കരണങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം. സായുധ സേനയെയും സുരക്ഷാ ഉപകരണങ്ങളെയും നവീകരിക്കുന്നതില്‍ വളരെയധികം സംഭാവന നല്‍കി. തന്ത്രപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകളും കാഴ്ചപ്പാടുകളും അസാധാരണ മികവുള്ളതായിരുന്നു. അദ്ദേഹത്തിന്റെ സേവനം ഇന്ത്യ ഒരിക്കലും വിസ്മരിക്കില്ല അദ്ദേഹത്തിന്റെ വിയോഗം തന്നെ വല്ലാതെ വേദനിപ്പിക്കുന്നതായും'- പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന കുറിപ്പില്‍ പറഞ്ഞു.
തമിഴ്നാട് കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ഇന്ത്യന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടത്. ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത് അടക്കം 13 മരിച്ചതായി വ്യോമയാന മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് രക്ഷപ്പെട്ടതായും വ്യോമസേന അറിയിച്ചു. മരിച്ചവരുടെ മൃതശരീരം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. മൃതദേഹങ്ങള്‍ നാളെ വൈകുന്നേരത്തോടെ ഡല്‍ഹിയില്‍ എത്തിക്കും.
ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവര്‍ക്ക് പുറമെ ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, എന്‍.കെ ഗുര്‍സേവക് സിംഗ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്ടറിലെ യാത്രക്കാരുടെ പട്ടികയിലുണ്ടായിരുന്നത്. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.
കൂനൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള കട്ടേരി പാര്‍ക്കില്‍ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം നടന്നത്. വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേനത്താവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ഡിഫന്‍സ് സര്‍വീസസ് കോളേജിലേക്ക് പോവുകയായിരുന്നു സംഘം. കോളജില്‍ സംഘടിപ്പിച്ച കേഡറ്റ് ഇന്ററാക്ഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനായിരുന്നു യാത്ര.