kerala
'പാക് ചൈനീസ് കടന്നുകയറ്റം, അഫ്ഗാന്‍ വിഷയം'; റാവത്തിന്റെ വിയോഗം പ്രതിസന്ധി കാലഘട്ടത്തിലെന്ന് എ കെ ആന്റണി
സംയുക്ത സെെനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി. ജനറല്‍ ബിപിന്‍ റാവത്തിന്റെ വിയോഗം രാജ്യത്തിനും സേനയ്ക്കും തീരാനഷ്ടമാണ്, വ്യക്തിപരമായി തനിക്കും വലിയ വേദനയുണ്ടാക്കുന്ന വേർപാടാണ് ഇതെന്നും എകെ ആന്റണി പറഞ്ഞു. ചെെന-പാക് കടന്നുകയറ്റങ്ങളും അഫ്ഗാന്‍ പ്രതിസന്ധിയും നിലനില്‍ക്കുന്ന ഈ കാലഘട്ടത്തിലാണ് ഇത്തരമൊരു നഷ്ടമുണ്ടായതെന്നതിന് വലിയ പ്രാധാന്യമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ചൈനയും പാകിസ്ഥാനും കൂട്ടായി അതിര്‍ത്തികളില്‍ പ്രശ്‌നമുണ്ടാക്കുന്നു, അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍, ഇതെല്ലാം നിലനില്‍ക്കെയാണ് അദ്ദേഹത്തെ പോലെ നിര്‍ഭയനായ, ധീരനായ, കഴിവുറ്റ ഒരു സൈനിക നേതാവിന്റെ വേര്‍പാടുണ്ടാവുന്നത്. ബിപിന്‍ റാവത്തിന്റെ ശബ്ദം, സൈന്യത്തിനും രാജ്യത്തിനും ആത്മവിശ്വാസം പകരുന്നതായിരുന്നു. എല്ലാവര്‍ക്കും ആവേശവും ആത്മവിശ്വാസവും പകരുന്ന ആ സൈനിക മേധാവിയെയാണ് ഈ കാലഘട്ടത്തില്‍ നഷ്ടപ്പെട്ടത്'- അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടിവിയോടായിരുന്നു പ്രതികരണം.
ഒരുകാലത്ത് എന്നോടൊപ്പം പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിച്ച ധീരനായ സൈനിക നേതാവായിരുന്നു അദ്ദേഹം. ഇന്ത്യ കണ്ട ഏറ്റവും ധീരരായ സൈനിക നേതാക്കളുടെ മുന്‍നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. എനിക്ക് വ്യക്തിപരമായും വേദനയുണ്ടാക്കുന്ന ഒരു വേര്‍പാടാണ് ബിപിന്‍ റാവത്തിന്റേത് അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബത്തോടും ഇന്ത്യന്‍ സൈന്യത്തോടും അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.തമിഴ്നാട് കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ഇന്ത്യന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടത്. ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത് അടക്കം 13 മരിച്ചതായി വ്യോമയാന മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് രക്ഷപ്പെട്ടതായും വ്യോമസേന അറിയിച്ചു. മരിച്ചവരുടെ മൃതശരീരം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. മൃതദേഹങ്ങള്‍ നാളെ വൈകുന്നേരത്തോടെ ഡല്‍ഹിയില്‍ എത്തിക്കും.
ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവര്‍ക്ക് പുറമെ ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, എന്‍.കെ ഗുര്‍സേവക് സിംഗ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്ടറിലെ യാത്രക്കാരുടെ പട്ടികയിലുണ്ടായിരുന്നത്. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി.
കൂനൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള കട്ടേരി പാര്‍ക്കില്‍ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം നടന്നത്. വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേനത്താവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ഡിഫന്‍സ് സര്‍വീസസ് കോളേജിലേക്ക് പോവുകയായിരുന്നു സംഘം. കോളജില്‍ സംഘടിപ്പിച്ച കേഡറ്റ് ഇന്ററാക്ഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനായിരുന്നു യാത്ര.