ചട്ടഞ്ചാലിലെ കുറ്റിക്കാട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ബെണ്ടിച്ചാല്‍ മരമില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിലാണ് ചീഞ്ഞളിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടത്. പുരുഷന്റേതാണെന്ന് സംശയിക്കുന്ന മൃതദേഹത്തിന് ഏതാണ്ട് രണ്ടാഴ്ച്ചത്തെ പഴക്കമുണ്ട്. പറമ്പില്‍ കാടുവെട്ടി തെളിയിക്കാന്‍ എത്തിയ ജോലിക്കാരാണ് ബുധനാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയ വിവരം മേല്‍പറമ്പ് പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ടി.ഉത്തംദാസിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി ഫോറന്‍സിക് വിദഗ്ധര്‍ അടക്കം സ്ഥലത്തെത്തിയ ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും. കുപ്പായവും പാന്റുമാണ് വേഷം. തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹം അഴുകിയിരുന്നു. കുറ്റിക്കാട്ടില്‍ മദ്യപന്മാര്‍ എത്താറുണ്ടെന്നാണ് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. സമീപ പ്രദേശത്ത് നിന്നും ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്. വിശദമായ പരിശോധനകള്‍ക്ക് ശേഷമേ എന്തെങ്കിലും പറയാന്‍ കഴിയുള്ളുവെന്ന് മേല്‍പറമ്പ് ഇന്‍സ്പെക്ടര്‍ ടി.ഉത്തംദാസ് അറിയിച്ചു.