kerala
പി.ടിക്ക് നാടിന്റെ വിട; സംസ്‌കാരം മതപരമായ ചടങ്ങുകളില്ലാതെ; അകമ്പടിയായി 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും' ഗാനം, അന്ത്യാഞ്ജലി അര്‍പ്പിച്ച് പതിനായിരങ്ങൾ
അന്തരിച്ച തൃക്കാക്കര എംഎല്‍എയും കെപിപിസി വര്‍ക്കിംഗ് പ്രസിഡന്റുമായ പിടി തോമസിന്റെ മൃതദേഹം സംസ്‌കരിച്ചു. രവിപുരം ശ്മശാനത്തില്‍ മതപരമായ ചടങ്ങുകളില്ലാതെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
വന്‍ജനപ്രവാഹമാണ് പിടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. അഞ്ചുമണിയോടെ തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ. സുധാകരന്‍, രമേശ് ചെന്നിത്തല, വി.ഡി സതീശന്‍, ബെന്നി ബഹന്നാന്‍, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പതാക പുതപ്പിച്ചു. ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിനിടെ എത്തിയ രാഹുല്‍ ഗാന്ധി പിടി തോമസിന്റെ ഭാര്യ ഉമയെ ആശ്വസിപ്പിച്ച ശേഷം മക്കളായ വിഷ്ണുവിനേയും വിവേകിനെയും ചേര്‍ത്തുപിടിച്ചു.
അര്‍ബുദത്തിന് ചികിത്സയിലായിരുന്ന പി.ടി തോമസ് ബുധനാഴ്ച രാവിലെ 10.15നാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ അന്തരിച്ചത്. പുലര്‍ച്ചെ 2.45 ഓടെ ഇടുക്കിയിലെത്തിച്ച മൃതദേഹം ഉപ്പുതോട്ടത്തിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. തൊടുപുഴയിലും മൂവാറ്റുപുഴയിലും നൂറുകണക്കിനാളുകളാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.
കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡന്റും, തൃക്കാക്കരയില്‍ നിന്നുള്ള നിയമസഭാംഗവുമാണ് പിടി തോമസ്. 2009-2014 ലോക്‌സഭയില്‍ ഇടുക്കിയില്‍ നിന്നുള്ള എംപിയായിരുന്നു പിടി തോമസ്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു വഴി പൊതുരംഗത്ത് എത്തിയ പിടി തോമസ് കെ.എസ്.യുവിന്റെ യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കെപിസിസി നിര്‍വാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്ടര്‍, കെഎസ്.യു മുഖപത്രം കലാശാലയുടെ എഡിറ്റര്‍, ചെപ്പ് മാസികയുടെ എഡിറ്റര്‍, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്ഥാന ചെയര്‍മാന്‍, കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 1991, 2001 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍നിന്നും 2016 ലും 2021 ലും തൃക്കാക്കരയില്‍നിന്നു ജയിച്ചു.
തൊടുപുഴയില്‍ 1996, 2006 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പിജെ ജോസഫിനോട് പരാജയപ്പെട്ടു.
ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തില്‍ പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടേയും മകനാണ് പിടി തോമസ്. ഭാര്യ ഉമ തോമസ്. തൊടുപുഴ ന്യൂമാന്‍ കോളേജ്, മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.