Headlines
Loading...
കൺമുന്നിൽ കൈകാലുകൾ വെട്ടിമാറ്റി അരുംകൊല; ഭീകരതയിൽ വിറങ്ങലിച്ച് കുടുംബങ്ങൾ, ഭീതി മാറാതെ കുട്ടികൾ

കൺമുന്നിൽ കൈകാലുകൾ വെട്ടിമാറ്റി അരുംകൊല; ഭീകരതയിൽ വിറങ്ങലിച്ച് കുടുംബങ്ങൾ, ഭീതി മാറാതെ കുട്ടികൾ

പോത്തൻകോട് ∙ കൺമുന്നിൽ നടന്ന അരുംകൊലയിൽ വിറങ്ങലിച്ചിരിക്കുകയാണ് പോത്തൻകോട് കല്ലൂർ പാണൻവിള വീട്ടിൽ സജീവിന്റെയും സമീപത്തുള്ള ബന്ധുക്കളുടെയും കുടുംബങ്ങൾ. ഇവിടെ വച്ചാണ് ഇന്നലെ ചെമ്പകമംഗലം ഊരുകോണം ലക്ഷംവീടു കോളനിയിൽ സുധീഷി ( 32 )ന്റെ കൈകാലുകൾ വെട്ടിമാറ്റി കൊലപ്പെടുത്തിയത്. അക്രമസംഭവങ്ങൾക്കു സാക്ഷികളായ നാലും അഞ്ചും വയസ്സുള്ള കുട്ടികളുടെ കണ്ണുകളിൽ നിന്നും ഭീതി മാറിയിട്ടില്ല.


പോത്തൻകോട് കല്ലൂർ പാണൻവിളയിൽ സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയ വീട്
ഇപ്പോഴും ഇവരുടെ കരച്ചിലും അവസാനിച്ചിട്ടില്ല. ഇവരുടെ മുന്നിൽ വച്ചാണ് കഴുത്തിൽ വാളുകൊണ്ടു വന്ന് വച്ച് അക്രമികൾ സ്ത്രീകളെ ഭീഷണിപ്പെടുത്തിയത്. അടുത്തടുത്തുള്ള ബന്ധുവീടുകളിലെല്ലാം സുധീഷിനെ തേടി അക്രമികൾ കയറിയിറങ്ങി. ഇതിൽ ഒരു വീട്ടിലെ ഒരാളുടെ ദേഹത്ത് വാളുകൊണ്ടു പോറലേൽക്കുകയും ചെയ്തു. അതിനു ശേഷമാണ് സുധീഷിനെ കണ്ടെത്തി ഗുണ്ടാസംഘം തുരുതുരെ വെട്ടിയത്. അരമണിക്കൂറോളം 12 പേരടങ്ങുന്ന ഗുണ്ടാസംഘം അഴിഞ്ഞാടി.

നാടൻപടക്കം പൊട്ടുന്ന ഉച്ചത്തിലുള്ള ശബ്ദവും സ്ത്രീകളുടെ നിലവിളിയും നാടിനെയും നടുക്കത്തിലാക്കി. എത്തിയത് ക്വട്ടേഷൻ സംഘം കൈകാലുകളറ്റ് അരമണിക്കൂറോളം രക്തം വാർന്ന് അവശനിലയിൽ കിടന്ന സുധീഷിനെ പോത്തൻകോട് പൊലീസ് എത്തിയാണ് ആംബുലൻസിൽ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഴൂർ മുട്ടപ്പലം സ്വദേശി ഒട്ടകം രാജേഷിന്റെയും , ഉണ്ണിയുടെയും നേതൃത്വത്തിലെത്തിയ സംഘമാണ് തന്നെ വെട്ടിയതെന്ന് സുധിഷ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി പൊലീസിനോട് പറഞ്ഞു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച ആറ്റിങ്ങൽ സ്റ്റേഷൻ പരിധിയിൽ മങ്കാട്ടുമൂലയിൽ രണ്ടു യുവാക്കളെ വെട്ടി പരുക്കേൽപിച്ച സംഭവത്തിൽ സുധീഷ് ഒന്നാംപ്രതിയായിരുന്നു. മങ്കാട്ടു മൂലയിൽ തുടരെയുള്ള അക്രമ സംഭവങ്ങൾ പതിവെന്നാണ് നാട്ടുകാർ പറയുന്നത്. പുറത്തു നിന്നുള്ള ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നവർ ഇവിടെയുണ്ടെന്നും ഭീതികാരണം പുറത്തു പറയാനാകുന്നില്ലെന്നും നാട്ടുകാർ പറയുന്നു.