Headlines
Loading...
ഏലക്കയില്‍ കീടനാശിനി സാന്നിധ്യം; ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തിവെച്ചു

ഏലക്കയില്‍ കീടനാശിനി സാന്നിധ്യം; ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തിവെച്ചു

കൊച്ചി: ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തിവെച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. അരവണയിലെ ഏലക്കയില്‍ കീടനാശിനി അംശം കണ്ടെത്തിയ സാഹചര്യത്തിലാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് എന്ത് പ്രശ്‌നം ഉണ്ടായാലും കരാറുകാര്‍ ഉള്‍പ്പെടെ ബാധ്യസ്ഥരാണെന്നും പുതിയ അരവണയില്‍ കീടനാശിനി ഇല്ലെന്ന് സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.കേന്ദ്ര ഏജന്‍സിയാണ് ശബരിമലയില്‍ അരവണക്ക് ഉപയോഗിക്കുന്ന ഏലക്ക ഭക്ഷ്യയോഗ്യമല്ലെന്ന റിപ്പോര്‍ട്ട് നല്‍കിയത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം അരവണയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഏലക്കയില്‍ കണ്ടെത്തി. അനുവദനീയമായതില്‍ കൂടുതല്‍ കീടനാശിനി സാന്നിധ്യമുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അതിനാല്‍ ഏലക്കയ്ക്ക് ഗുണനിലവാരമില്ലെന്ന് കേന്ദ്ര ഏജന്‍സി കണ്ടെത്തി. കേന്ദ്ര ഫുഡ് സേഫ്റ്റി അതോറിറ്റി നിര്‍ദേശപ്രകാരമാണ് ഗുണനിലവാരം പരിശോധിച്ചത്. നേരത്തെ പമ്പയില്‍ നടത്തിയ പരിശോധനയില്‍ ഗുണനിലവാരമുണ്ടെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ദേവസ്വം ബോര്‍ഡ് ആയിരുന്നു നേരത്തെ പരിശോധന നടത്തിയത്.

അതേസമയം ബന്ധപ്പെട്ടവര്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഏലക്ക സന്നിധാനത്തേക്ക് വാങ്ങുകയും അരവണ നിര്‍മ്മാണത്തിനടക്കം ഉപയോഗിച്ചതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്തഗോപന്‍ പ്രതികരിച്ചു. മൂന്നൂറ് കിലോ സാധനങ്ങള്‍ വരുന്ന അരവണ കൂട്ടില്‍ 75 ഗ്രാമാണ് ഏലക്ക ഉപയോഗിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം അരവണ നിര്‍മ്മാണം നിർത്തിവെച്ചെന്നും ഏലക്കയില്ലാത്ത അരവണ ഉല്‍പ്പാദിപ്പിച്ച് നാളെ മുതല്‍ വിതരണം ആരംഭിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. ജൈവ ഏലക്ക ലഭിക്കുമെങ്കില്‍ പരിശോധിച്ച് അടിയന്തിരമായി എത്തിച്ച് വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.