‘ബൈജൂസ് ആപ്പ് വഴി ലഭിച്ച പഠനോപകരണങ്ങള്‍ ഉപയോഗ ശൂന്യം, പണം നല്‍കിയില്ലെങ്കില്‍ ഗുണ്ടകളുടെ ഭീഷണി’; പരാതിയുമായി ദമ്പതികള്‍
ബൈജൂസ് ആപ്പുമായി ബന്ധപ്പെട്ട പ്രമുഖ വാർത്താ ചാനൽ നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ ഉപഭോക്താക്കളുടെ പരാതികള്‍ പുറത്ത്.
എറണാകുളം സ്വദേശികളായ ദമ്പതികളും ഗുരുതര തട്ടിപ്പ് ആരോപണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ബൈജൂസ് ആപ്പ് ഉത്പ്പന്നം തിരിച്ചെടുക്കാതെ സ്വകാര്യ ഫിനാന്‍സിംഗ് സ്ഥാപനമായ ബജാജ് ഫിനാന്‍സ് വഴി ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഹനീഫ്-മിനി ദമ്പതികള്‍ ഉന്നയിക്കുന്ന ആരോപണം.
ഇരുവരും ബൈജൂസിനെതിരെ പരാതി ഉന്നയിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഹനീഫ്-മിനി ദമ്പതികള്‍ ഉന്നയിക്കുന്ന പരാതി
ബൈജൂസ് ആപ്പിലെ സെയില്‍സ് എക്‌സിക്യൂട്ടീവുകള്‍ക്ക് നമ്മളെ കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രത്യേക കഴിവുള്ളവരാണ്. മാതാപിതാക്കളെയും മക്കളെയും ഒരുമിച്ച് ഇരുത്തി ഐക്യൂ പരിശോധന നടത്തും. നമ്മളെ കാര്യങ്ങള്‍ ധരിപ്പിക്കാനുള്ള പ്രത്യേക സംസാര മിടുക്കുള്ള സെയില്‍സ്മാന്‍ നമ്മളെ വരുതിയാലാക്കും. സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്ന് നാം പറഞ്ഞു കഴിഞ്ഞാല്‍ ഉടന്‍ ലോണ്‍ തരപ്പെടുത്താമെന്ന കാര്യം ബോധ്യപ്പെടുത്തി വീഴ്ത്തും.
വലിയ തുകയുടെ പ്രൊഡക്ടാണെന്ന് പറഞ്ഞ് ഒഴിവാകാന്‍ ശ്രമിച്ചാല്‍ ഓഫറുകള്‍ നിരത്തി വലയിലാക്കും. ഈ ചതിക്കുഴിയില്‍ വീണ ഞങ്ങള്‍ക്ക് അവര്‍ ബജാജ് ഫിനാന്‍സ് വഴി ലോണ്‍ അനുവദിച്ചു. ഞങ്ങളുടെ മകന് തുടക്കം മുതലെ ബൈജൂസ് ആപ്പ് വേണ്ടെന്ന് പറഞ്ഞിരുന്നു. ഞങ്ങളുടെ സാമ്പത്തിക പ്രയാസം കാരണമാണ് മോന്‍ അങ്ങനെ പറയുന്നതെന്ന് ഞങ്ങള്‍ ആദ്യം കരുതിയത്. പിന്നീടാണ് മനസിലായത് ബൈജൂസ് ആപ്പ് കൊണ്ട് മകന് യാതൊരു ഉപകാരവും ഉണ്ടായിരുന്നില്ലെന്നതാണ്.
ബൈജൂസ് ആപ്പ് വഴി നടക്കുന്ന പഠനം മകന് ഒട്ടും മനസിലാവുന്നില്ലെന്ന് പരാതി പറഞ്ഞു. ഇത്രയധികം പണം മുടക്കി വാങ്ങിയ ഉത്പ്പന്നം യാതൊരു ഗുണവുമുണ്ടായില്ല. അതേസമയം ഞങ്ങളുടെ മകന്‍ ആപ്പില്ലാതെ തന്നെ മികച്ച രീതിയില്‍ പഠിച്ച് പാസായി. ചതിക്കുഴി മനസിലാക്കിയ ഉടന്‍ ഞങ്ങള്‍ ബൈജൂസുമായി ബന്ധപ്പെട്ടു. മകന്റെ പഠനത്തില്‍ ബൈജൂസിന് കാര്യമായി സഹായിക്കാന്‍ കഴിയുന്നില്ലെന്നും പണമടക്കാന്‍ കഴിയില്ലെന്നും അവരെ ധരിപ്പിച്ചു. പക്ഷേ പ്രൊഡക്ട് തിരിച്ചെടുക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി ലഭിച്ചത്.
പ്രൊഡക്ട് തിരിച്ചെടുക്കുമെന്ന് ഉറപ്പു തന്ന കാലാവധിക്ക് മുന്‍പ് തന്നെ കമ്പനിയെ കാര്യങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ എടുക്കാതിരുന്ന മാനേജര്‍ ഞങ്ങളെ വഞ്ചിച്ചു. വിഷയത്തില്‍ നിരന്തരം ഞങ്ങള്‍ അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറ്റു പലരുമാണ് ഫോണെടുത്തത്. ഞങ്ങളുടെ പരാതി തീര്‍പ്പാക്കാന്‍ ഇവര്‍ യാതൊരു ശ്രമവും നടത്തിയില്ല. പാലാരിവട്ടത്തെ ഓഫീസിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഗുണ്ടകളെ പോലെ പെരുമാറി.
ഗുണ്ടായിസമാണ് ബൈജൂസ് നടത്തുന്നത്. ഗുണ്ടായിസം കാണിച്ചാണ് ഇവര്‍ ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നത്. ബൈജൂസ് ആപ്പില്‍ ജീവനക്കാരോട് പോലും ക്രൂരമായിട്ടാണ് അവര്‍ പെരുമാറുന്നതെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. 2000 രൂപയ്ക്ക സെറ്റില്‍മെന്റ് ചെയ്യാമെന്ന് പറഞ്ഞു, അതിന് ഞങ്ങള്‍ തയ്യാറായില്ല.
വീട്ടിലെത്തി ബഹളമുണ്ടാക്കും റോഡില്‍ ഇറങ്ങി നടക്കാന്‍ പറ്റില്ല എന്നൊക്കെ ബജാജ് എക്‌സിക്യൂട്ടീവുമാര്‍ ഭീഷണിപ്പെടുത്തി. കേസ് നല്‍കുമെന്നും പൊലീസ് വരുമെന്നും എക്‌സിക്യൂട്ടീവുമാര്‍ പറഞ്ഞു. പണമടക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. നേരിടും.