Headlines
Loading...
ഹെലികോപ്ടര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ മരിച്ചതായി സ്ഥിരീകരണം

ഹെലികോപ്ടര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ മരിച്ചതായി സ്ഥിരീകരണം

നീലഗിരി: ഊട്ടിയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ സംയുക്ത സൈനിക മേധാവി വിപിന്‍ റാവത്ത് ഉള്‍പ്പെടെ 13പേരും മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. പ്രതിരോധമന്ത്രി രാജിനാഥ് സിങ് ഇക്കാര്യം സ്ഥിരീകരിച്ചത്. മരിച്ചവരില്‍ ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടും.മരണം സ്ഥിരീകരിച്ച് വ്യോമസേനയും ട്വീറ്റ് ചെയ്തു. അപകടത്തില്‍നിന്നും രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്

കോയമ്പത്തൂരിലെ സുലൂര്‍ വ്യോമ കേന്ദ്രത്തില്‍ നിന്നും ഊട്ടിയിലെ സൈനിക കേന്ദ്രത്തിലേക്ക് പോയ എം ഐ 17വി5 ഹെലികോപ്ടറാണ് തകര്‍ന്നു വീണത്. കരസേനയുടെ അത്യന്താധുനിക ഹെലികോപ്ടറാണിത്. വിപിന്‍ റാവതിന്റെ ഭാര്യ മധുലിക റാവതും സ്റ്റാഫും ഉള്‍പ്പെടെ ഹെലികോപ്ടറില്‍ 14 പേര്‍ ഉണ്ടായിരുന്നു. അപകടത്തെ കുറിച്ച് അന്വേഷണത്തിന് ഇന്ത്യന്‍ വ്യോമസേന ഉത്തരവിട്ടു. വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.


മോശം കാലാവസ്ഥയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അന്തരീക്ഷത്തില്‍ കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നു. എന്നാല്‍, ഏത് പ്രതികൂല കാലാവസ്ഥയിലും സഞ്ചരിക്കാനാകുന്ന ഹെലികോപ്ടറാണിതെന്നാണ് വിവരം. അതിനാല്‍ മറ്റെന്തെങ്കിലും കാരണമാണോ അപകടത്തിനിടയാക്കിയതെന്ന കാര്യം അന്വേഷിച്ചു വരികയാണ്. ഹെലികോപ്ടറിന്റെ കാലപ്പഴക്കം അപകട കാരണമായതായും സൂചനയുണ്ട്. കോയമ്പത്തൂര്‍ വെല്ലിംഗ്ടണ്‍ സ്റ്റാഫ് കോളജില്‍ ഒരു പ്രഭാഷണത്തിനായി എത്തിയ ബിപിന്‍ റാവത് ഇവിടെ നിന്ന് ഊട്ടിയിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.