Headlines
Loading...
പൊതുഇടങ്ങളില്‍ അനുവാദമില്ലാതെ മറ്റൊരാളുടെ ചിത്രമെടുക്കുന്നത് വിലക്കി യുഎഇ; 1 കോടി രൂപ വരെ പിഴയും തടവും ശിക്ഷ

പൊതുഇടങ്ങളില്‍ അനുവാദമില്ലാതെ മറ്റൊരാളുടെ ചിത്രമെടുക്കുന്നത് വിലക്കി യുഎഇ; 1 കോടി രൂപ വരെ പിഴയും തടവും ശിക്ഷ

ദുബായ്: പൊതുഇടങ്ങളില്‍ അനുമതിയില്ലാതെ മറ്റൊരാളുടെ ചിത്രമെടുക്കുന്നത് വിലക്കി യുഎഇ. പരിഷ്കരിച്ച സൈബർ ക്രൈം നിയമം അനുസരിച്ച് ആറ് മാസം തടവോ 150,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. പൗരന്മാരുടെ സ്വകാര്യതയ്ക്ക് കൂടുതല്‍ സുരക്ഷ നല്‍കുകയാണ് നിയമത്തിന്റെ ലക്ഷ്യം.2012-ലെ 5ാം ഫെഡറൽ നിയമം, സൈബർ കുറ്റകൃത്യ നിയമം, ഓണ്‍ലെെന്‍ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമം എന്നിവയില്‍ ഭേദഗതികൾ ചെയ്തുകൊണ്ടാണ് പുതിയ നിയമം അവതരിപ്പിക്കുന്നത്. 2022 ജനുവരി 2 മുതൽ നിയമം പ്രാബല്യത്തിൽ വരും.

അതേസമയം, പൊതുവിടങ്ങളില്‍ ചിത്രങ്ങളെടുക്കുന്നതിനോ സെല്‍ഫി എടുക്കുന്നതോ നിയമപ്രകാരം തടസമുണ്ടാകില്ല. മറ്റൊരു വ്യക്തിയുടെ സ്വകാര്യതയെയും അവകാശങ്ങളെയും മാനിച്ച് അതിന് തടസം വരാത്ത വിധമാണ് പൊതു ഇടങ്ങളില്‍ ചിത്രങ്ങളെടുക്കുന്നത് ഉറപ്പുവരുത്തിയായിരിക്കണം ചിത്രങ്ങളെടുക്കേണ്ടത്.

ഓണ്‍ലെെന്‍ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയുക, വ്യാജ പ്രചാരണങ്ങളുടെയും വാർത്തകളുടെയും വ്യാപനം നിയന്ത്രിക്കുക, പൊതുമേഖലാ വെബ്‌സൈറ്റുകളുടെയും ഡാറ്റാബേസുകളുടെയും സംരക്ഷണം ഉറപ്പാക്കാനും പുതിയ നിയമം വഴി സാധ്യമാകുമെന്നും അതിലൂടെ ഓൺലൈൻ കുറ്റകൃത്യങ്ങളില്‍ നിന്ന് പൗരന്മാർക്ക് സംരക്ഷണം ഉറപ്പാക്കുമെന്നും സീനിയർ ലീഗല്‍ കണ്‍സള്‍ട്ടന്റ് അബ്ദുൽ അസീസ് പറയുന്നു.