kerala
വാഹന പരിശോധനയ്ക്കിടെ പതിനാറുകാരന് ക്രൂര മര്‍ദ്ദനം; റിപ്പോര്‍ട്ട് തേടി ശിശുക്ഷേമ സമിതി
കൊല്ലം പരവൂരില്‍ പതിനാറുകാരനെ വാഹന പരിശോധനയ്ക്കിടെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ ശിശുക്ഷേമ സമിതി. പൊതു വഴിയില്‍ വസ്ത്രമഴിച്ച് പരിശോധിച്ചെന്ന ആരോപണം ഗൗരവതരമെന്ന് നിരീക്ഷിച്ചായിരുന്നു സമിതിയുടെ നടപടി. കുറുമണ്ടല്‍ സ്വദേശി വിപിനാണ് പൊലീസ് അതിക്രമത്തിനിരയായത്.സുഹൃത്തിനെ കാണാന്‍ ബൈക്കില്‍ യാത്ര ചെയ്ത വിപിന്‍ പൊലീസ് പരിശോധന കണ്ട് നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് എതിര്‍ ദിശയില്‍ വന്ന എക്‌സൈസ് വാഹനം ബൈക്കിന് കുറുകെ നിര്‍ത്തുകയും പിന്നീട് പൊലീസും എക്‌സൈസും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നുമെന്നാണ് പരാതി. നടുറോട്ടില്‍ വെച്ച് അടിവസ്ത്രമഴിച്ച് പരിശോധിച്ചെന്നും കുടുംബം പരാതിപ്പെട്ടു.
മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ വിപിന്‍ ആശുപത്രിയില്‍ ചികത്സ തേടിയ ശേഷം വീട്ടില്‍ കഴിയുകയാണ്. സംഭവത്തില്‍ പൊലീസിനും എക്‌സൈസിനുമെതിരെ കുടുംബം രംഗത്തുവന്നിരുന്നു. വിപിന്റെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സംഭവത്തില്‍ ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ട്.
അതേസമയം, കുട്ടിയുടെ കയ്യില്‍ ലൈസന്‍സോ രേഖകളോ ഇല്ലാത്തതിനാലാണ് കുട്ടിയെ പരിശോധിച്ചത്.
വാഹനം കസ്റ്റഡിയിലെടുക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നാണ് പരിശോധന നടത്തിയ ഉദ്യോഗസ്ഥരുടെ വിശദീകരണം. വസ്ത്രമഴിച്ച് പരിശോധിച്ച സംഭവം ഗൗരവരകരമാണെന്ന് സിഡബ്ലുസി ചെയര്‍മാന്‍ കെ പി സജി നാഥ് പ്രതികരിച്ചു. കുട്ടിക്ക് കൗണ്‍സിലിംഗ് ആവശ്യമെങ്കില്‍ നല്‍കുമെന്നും ശിശു ക്ഷേമ സമിതി വ്യക്തമാക്കി.