Headlines
Loading...
യു പിയില്‍ പശുക്കള്‍ക്ക് ആംബുലന്‍സ് സേവനം'; പദ്ധതി ഡിസംബർ മുതലെന്ന് യോഗി സര്‍ക്കാര്‍

യു പിയില്‍ പശുക്കള്‍ക്ക് ആംബുലന്‍സ് സേവനം'; പദ്ധതി ഡിസംബർ മുതലെന്ന് യോഗി സര്‍ക്കാര്‍

അടിയന്തിര ചികിത്സ ആവശ്യമുള്ള പശുക്കള്‍ക്ക് ആംബുലന്‍സ് സേവനം ആരംഭിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ്. ഇതിന്റെ ഭാഗമായി എമര്‍ജന്‍സി സര്‍വീസ് നമ്പറിന് സമാനമായി, ഗുരുതരമായ അസുഖമുള്ള പശുക്കള്‍ക്കായി അതിവേഗ ചികിത്സ ഉറപ്പാക്കാനാകുമെന്ന് സംസ്ഥാന ക്ഷീര വികസനം, മൃഗസംരക്ഷണ, ഫിഷറീസ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി പറഞ്ഞു. ഇന്ത്യയിലാദ്യമായി യുപി സര്‍ക്കാരാണ് ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നെന്നും ലക്ഷ്മി നാരായണ്‍ ചൗധരി അവകാശപ്പെട്ടു.

112 എമര്‍ജന്‍സി സര്‍വീസ് നമ്പറിന് സമാനമായി, ഗുരുതര അസുഖമുള്ള പശുക്കളുടെ ചികിത്സയ്ക്ക് ഈ പുതിയ സേവനത്തിലൂടെ വഴിതെളിയും. 515ആംബുലന്‍സുകളാണ് പദ്ധതിക്കായി സജ്ജമാക്കിയിരിക്കുന്നത്. സേവനം ആവശ്യപ്പെട്ട് വിളിക്കുന്നവര്‍ക്ക് 15 മുതല്‍ 20 മിനിറ്റിനുള്ളില്‍ വെറ്ററിനറി ഡോക്ടറും രണ്ട് സഹായികളും ഉള്‍പ്പെടുന്ന ആംബുലന്‍സ സര്‍വ്വീസ് ലഭ്യമാകും.അതേസമയം ഉയര്‍ന്ന ഗുണമേന്മയുള്ള ബീജവും ഭ്രൂണ മാറ്റിവയ്ക്കല്‍ സാങ്കേതികവിദ്യയും സൗജന്യമായി നല്‍കുന്നതോടെ സംസ്ഥാനത്തിന്റെ ബ്രീഡ് ഇംപ്രൂവ്മെന്റ് പ്രോഗ്രാമിന് പദ്ധതി മുതല്‍ക്കൂട്ടാകും. കുറഞ്ഞ പാല്‍ തരുന്ന പശുക്കള്‍ ഇതിലൂടെ ഉയര്‍ന്ന ഗുണമേന്മയുള്ള പാല്‍ നല്‍കുന്നതിന് സാഹചര്യമൊരുങ്ങുമെന്നുംമന്ത്രി പറഞ്ഞു.

ഡിസംബര്‍ മുതലാണ് പദ്ധതി ആരംഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പരാതികള്‍ സ്വീകരിക്കുന്നതിന് ലഖ്നൗവില്‍ ഒരു കോള്‍ സെന്ററിന് രൂപം നല്‍കും. മഥുര ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ പൈലറ്റ് പ്രോജക്ടായാണ് പദ്ധതി ആവിഷ്‌ക്കരിക്കുന്നതെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു.