Headlines
Loading...
തൃശ്ശൂർ: കളിക്കുന്നതിനിടെ തോട്ടില്‍ വീണ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: കളിക്കുന്നതിനിടെ തോട്ടില്‍ വീണ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

തൃശ്ശൂര്‍ ഇരിങ്ങാലക്കുട വേളൂക്കര പട്ടേപ്പാടത്ത് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പട്ടേപ്പാടം അലങ്കാരത്ത് പറമ്പില്‍ ബെന്‍സിലിന്റെയും ബെന്‍സിയുടെയും മകന്‍ ആരാം ഹെവന്‍ (മൂന്ന് വയസ്) ആണ് മരണപ്പെട്ടത്.ഞായറാഴ്ച്ച രാവിലെ 11.30 ഓടെയാണ് കുട്ടിയെ തോട്ടില്‍ വീണ് കാണാതായത്. കുളിക്കാനായി കുട്ടിയെ വീട്ടുമുറ്റത്ത് ഇറക്കിയ കുട്ടി ഓടിക്കളിക്കുന്നതിനിടയില്‍ സമീപത്തുള്ള തോട്ടിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയുടെ അമ്മ രക്ഷപെടുത്തുന്നതിനായി തോട്ടിലേക്ക് ചാടിയെങ്കിലും രക്ഷിക്കാനായില്ല.

തുടർന്ന് നാട്ടുകാരുടേയും ഫയര്‍ഫോഴ്‌സ്,പോലീസ്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ എന്നിവരുടെയും നേതൃത്വത്തില്‍ രാവിലെ 11 മണി മുതല്‍ ആരംഭിച്ച തിരച്ചിലില്‍ വൈകീട്ട് 6 മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ തോട്ടില്‍ ശക്തമായ കുത്തൊഴുക്കുണ്ടായതിനാല്‍ കുട്ടിയെ രക്ഷിക്കാനായില്ല. ആനയ്ക്കല്‍ ബ്ലോക്ക് താണിത്ത്കുന്ന് റോഡില്‍ തോടിന് കുറുകെ സ്ഥാപിച്ചിരുന്ന ചീപ്പിലാണ് കുട്ടിയുടെ മൃതദേഹം തടഞ്ഞിരുന്നത്. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.