Headlines
Loading...
മകന്‍റെ മൂന്നാം പിറന്നാളിന് വീട്ടിലെത്തുമെന്ന് ഭാര്യയ്ക്ക് ഉറപ്പുനല്‍കി;പിന്നാലെ ഭീകരര്‍ ജീവനെടുത്തു

മകന്‍റെ മൂന്നാം പിറന്നാളിന് വീട്ടിലെത്തുമെന്ന് ഭാര്യയ്ക്ക് ഉറപ്പുനല്‍കി;പിന്നാലെ ഭീകരര്‍ ജീവനെടുത്തു

ദിസ്പുർ: മണിപ്പുരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയാണ് രാജ്യവും. മകന്റെ മൂന്നാം ജന്മദിനത്തിനായി വീട്ടിലേക്ക് പോകാനിരിക്കെയാണ് മണിപ്പുരിൽ ഭീകരാക്രമണത്തിൽ സുമൻ സ്വർഗ്യാരി എന്ന സൈനികൻ കൊല്ലപ്പെട്ടത്.

ആക്രമണത്തിന് മണിക്കൂറുകൾക്ക് മുൻപ് വരെ ഭാര്യയായ ജൂരി സ്വർഗ്യാരിയെ സുമൻ ഫോണിൽ ബന്ധപ്പെടുകയും ഡിസംബറിൽ വീട്ടിലേക്ക് വരുമെന്ന വിവരം പങ്കുവെയ്ക്കുകയും ചെയ്തിരുന്നുവെന്നാണ് കുടുംബം പറയുന്നത്.

അസ്സാമിലെ ബക്സ പോലീസ് സ്റ്റേഷനിൽ പരിധിയിലെ തെക്കെറകുചിയാണ് സുമന്റെ സ്വദേശം. മരണവിവരം ഞായറാഴ്ച രാവിലെയാണ് കുടുംബം അറിഞ്ഞത്. ജൂലൈയിലാണ് സുമൻ അവസാനമായി വീട്ടിലേക്ക് വന്നത്. ഒരാഴ്ച മാത്രം വീട്ടിൽ താമസിച്ചതിന് ശേഷം തിരിച്ചുപോയി. ഡിസംബറിൽ, മകന്റെ പിറന്നാളിന് തീർച്ചയായും വരുമെന്ന് ഉറപ്പ് നൽകിയാണ് സുമൻ തിരിച്ചുപോയതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ജൂരി പറഞ്ഞു.

കഴിഞ്ഞദിവസം വിളിച്ചപ്പോൾ പണി നടന്നുകൊണ്ടിരിക്കുന്ന വീടിനെ കുറിച്ചും മകന്റെ പിറന്നാളിനെക്കുറിച്ചുമെല്ലാം സംസാരിച്ചു. പിറന്നാൾ ആഘോഷമാക്കണമെന്നും പറഞ്ഞാണ് ഫോൺ വെച്ചത്. പതിവില്ലാതെ വളരെ പെട്ടന്ന് ഫോൺ വെച്ചിരുന്നു. ഡ്യൂട്ടി സ്ഥലത്ത് നിന്ന് തിരിച്ചുവരികയാണെന്നും പിന്നീട് വിളിക്കാമെന്നും പറഞ്ഞു. അത് അവസാനത്തെ സംഭാഷണം ആയിരുന്നുവെന്ന് അറിഞ്ഞില്ല- ജൂരി മാധ്യമപ്രവർത്തകർക്ക് മുന്നിൽ വിതുമ്പി.

സുമൻ വിളിക്കാതിരുന്നതിൽ ആശങ്കയുണ്ടായിരുന്നു. പരിക്ക് പറ്റിയെന്നും ആശുപത്രിയിലാണെന്നും രാത്രി ഏതാനും സൈനിക ഉദ്യോഗസ്ഥർ വിളിച്ചുപറഞ്ഞു. ഞായറാഴ്ച രാവിലെയാണ് മരണവിവരം കുടുംബം അറിഞ്ഞത്.

2011ലാണ് സുമൻ അസ്സം റൈഫിൾസിൽ ചേർന്നത്. സുമന്റെ പിതാവും 2007ൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പിതാവ് മരിച്ചതിനു ശേഷം കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു സുമൻ. പക്ഷെ അച്ഛൻ പോയ അതേ വഴിയിൽ സുമനും വിടപറഞ്ഞതായി അദ്ദേഹത്തിന്റെ അമ്മാവൻ പറഞ്ഞു. ഡിസംബറിൽ വീട്ടിലേക്ക് വരുമെന്ന് പറഞ്ഞിരുന്നു, പക്ഷെ ഇപ്പോൾ തിരിച്ചുവരുന്നത് അദ്ദേഹത്തിന്റെ മൃതദേഹം മാത്രമാണ്.. അമ്മാവൻ പറഞ്ഞുനിർത്തി.

ശനിയാഴ്ചയാണ് മണിപ്പുരിലെ ചുരാചന്ദ്പുർ ജില്ലയിൽ സൈനികരുടെ വാഹനവ്യൂഹത്തിനു നേരേ ഭീകരാക്രമണം ഉണ്ടായത്. 46 അസം റൈഫിൾസിന്റെ കമാൻഡിങ് ഓഫിസർ കേണൽ വിപ്ലവ് ത്രിപാഠിയും നാല് സൈനികരും ആക്രമണത്തിൽ വീരമൃത്യു വരിച്ചു. കേണലിന്റെ ഭാര്യ, നാലു വയസ്സുള്ള മകൻ എന്നിവരും കൊല്ലപ്പെട്ടിരുന്നു.

മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ചുരാചന്ദ്പുരിൽ സൈനിക ക്യാംപ് സന്ദർശിച്ചു മടങ്ങുകയായിരുന്ന സംഘത്തെ രാവിലെ 10 മണിയോടെയാണ് ഭീകരർ പതിയിരുന്നാക്രമിക്കുകയായിരുന്നു. മണിപ്പുർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമിയാണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നതെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. ചുരാചന്ദ്പുരിൽനിന്ന് 50 കിലോമീറ്ററോളം അകലെ ഉൾപ്രദേശത്താണ് ആക്രമണം നടന്നത്