kerala
കനത്ത മഴയിൽ സംസ്ഥാനത്ത് മൂന്ന് മരണം; 1974 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ
തിരുവനന്തപുരം: ശമനമില്ലാതെ മഴ കോരിച്ചൊരിയുന്നതിനിടെ മഴക്കെടുതിയിൽ മൂന്ന് വയസ്സുകാരനടക്കം സംസ്ഥാനത്ത് മൂന്ന് മരണം. തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിലാണ് ഒാരോ മരണങ്ങളുണ്ടായത്. തിരുവനന്തപുരം കാട്ടാക്കടയിൽ ഒഴുക്കിൽപെട്ട് പശുവണ്ണറ കീഴെ കണ്ണക്കോട് വീട്ടിൽ ലളിതഭായ് (75), എറണാകുളത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ തിരുവനന്തപുരം ഉദിയൻകുളങ്ങര പനവിള വീട്ടിൽ തങ്കരാജൻ (72), കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് ഇരിക്കൂർ സ്വദേശി പി. സാജിദിെൻറ മകന്‍ നസല്‍ (3) എന്നിവരാണ് മരിച്ചത്.
സംസ്ഥാനത്താകെ 66 ദുരിതാശ്വാസ ക്യാമ്പുകളിലായി 589 കുടുംബങ്ങളിലെ 1974 പേരെ മാറ്റിപ്പാർപ്പിച്ചു. സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടർമാരുടെയടക്കം ഉന്നതതലയോഗം ചേർന്നു. കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
പത്തംതിട്ടയിൽ കക്കി ഡാം തുറന്നതോടെ അച്ചൻകോവിലാർ കരകവിഞ്ഞ് ചെങ്ങന്നൂർ, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കിൽ നിരവധിവീടുകളിൽ വെള്ളംകയറി. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും ജലനിരപ്പ് ഉയർന്നു. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ പലയിടത്തും വെള്ളംകയറി. ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു
പുളിങ്കുന്നിലും മാവേലിക്കരയിലും ഒരോ വീട് ഭാഗികമായി നശിച്ചു. മഴക്കെടുതി രുക്ഷമായതോടെ . ജില്ലയിൽ 13 ദുരിതശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. 67 കുടുംബങ്ങളിലെ 229 പേരെ മാറ്റിപ്പാർപ്പിച്ചു.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘങ്ങൾ നിലവിൽ സംസ്ഥാനത്തുണ്ട്. നാല് ടീമുകൾ തിങ്കളാഴ്ച രാവിലെയോടെ സംസ്ഥാനത്തെത്തും. ഡിഫൻസ് സെക്യൂരിറ്റി കോർപ്സിെൻറ രണ്ട് സംഘങ്ങളെ ആവശ്യമെങ്കിൽ കണ്ണൂർ, വയനാട് ജില്ലകളിൽ വിന്യസിക്കും.
ഇൗ മാസം പത്തിന് ശേഷം സംസ്ഥാനത്താകെ ഏഴ് മണ്ണിടിച്ചിലുകളാണുണ്ടായത്. ആളപായമില്ല. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ പൊലീസും ഫയർ ഫോഴ്സും സജ്ജമാണ്. കക്കി, ഇടുക്കി ഡാമുകൾ തുറന്നുവിട്ടു. വൈദ്യുതി, ജല വകുപ്പുകളുടെ വിവിധ ഡാമുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ പരാതി ഇല്ലാതെ ശ്രദ്ധിക്കാൻ ശ്രദ്ധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.