Headlines
Loading...
ക്ഷേത്രത്തിന് മുഴുവൻ സ്ഥലവും നൽകിയില്ല; മധ്യപ്രദേശിൽ കുടുംബത്തിന് ഭ്രഷ്‌ട്; പശുവിൻ മൂത്രം കുടിക്കണമെന്നും

ക്ഷേത്രത്തിന് മുഴുവൻ സ്ഥലവും നൽകിയില്ല; മധ്യപ്രദേശിൽ കുടുംബത്തിന് ഭ്രഷ്‌ട്; പശുവിൻ മൂത്രം കുടിക്കണമെന്നും

മധ്യപ്രദേശിലെ ​ഗ്രാമത്തിൽ ക്ഷേത്രത്തിന് മുഴുവൻ സ്ഥലവും നൽകാത്തതിന്റെ പേരിൽ ഒരു കു‌‌ടുംബത്തിന് നേരെ പഞ്ചായത്തിന്റെ ഭ്രഷ്ടും ഉപദ്രവവും. മധ്യപ്രദേശിലെ ​ഗുണ ജില്ലയിലാണ് സംഭവം. ഹിര ലാൽ ഘോശി എന്ന വയോധികനും കുടുംബത്തിനുമാണ് ദുരവസ്ഥ. ഭ്രഷ്‌ടിനൊപ്പം പശുവിന്റെ മൂത്രം കുടിക്കാനും താ‌ടി വടിക്കാനും തലയിൽ ചെരുപ്പു വെച്ച് ന‌ടക്കാനുമാണ് പഞ്ചായത്ത് കൂ‌‌ട്ടം പറയുന്നത്.സംഭവത്തിൽ ജില്ലാ കലക്ടർക്ക് പരാതി നൽകിയിരിക്കുകയാണ് ഹിര ലാൽ.

ക്ഷേത്ര നിർമാണത്തിന് തന്റെയും കുടുംബത്തിന്റെയും സ്ഥലം ആവശ്യപ്പെ‌ട്ടപ്പോൾ മുതൽ തുടങ്ങിയ പ്രശ്നമാണിതെന്ന് ഇദ്ദേഹം പറയുന്നു. ക്ഷേത്ര നിർമാണത്തിന് സ്ഥലത്തിന്റെ ഒരു ഭാ​ഗം നൽകിയിരുന്നു. എന്നാൽ മുഴുവൻ സ്ഥലവും വേണമെന്നാണ് പഞ്ചായത്ത് അം​ഗങ്ങൾ ആവശ്യപ്പെ‌ട്ടത്. ഇത് ഹിര ലാലും കു‌‌ടുംബവും സമ്മതിച്ചില്ല. ഇതോടെ ഇദ്ദേഹത്തിന്റെ കുടുംബത്തിന് ഭ്രഷ്‌ട് കൽപ്പിച്ചു. ഹിര ലാലിന്റെ കുടുംബവുമായുള്ള ബന്ധത്തിന് നാ‌‌‌ട്ടുകാർക്ക് വിലക്കേർപ്പെടുത്തി.
എന്നാൽ പഞ്ചായത്ത് കൂ‌ട്ടം ഊരു വിലക്ക് പ്രഖ്യാപിച്ചത് ഹിര ലാൽ ഫോണിൽ റെക്കോഡ് ചെയ്തു. 

ഇത് പഞ്ചായത്ത് നേതാക്കളെ പ്രകോപിതരാക്കി. ഇതിന് ശിക്ഷയായി സ്ഥലം വി‌ട്ടു നൽകുന്നതിനൊപ്പം ശുദ്ധീകരണത്തിനായി പശുവിന്റെ മൂത്രം കുടിക്കണമെന്നും ചെരിപ്പ് തലയിൽ വെച്ച് നടക്കണമെന്നും ആവശ്യപ്പെട്ടെന്ന് ജില്ലാ കലക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.