Headlines
Loading...
പ്രാര്‍ത്ഥനയ്ക്കിടെ ഉറങ്ങിപ്പോയി: അനാഥാലയത്തിലെ വൃദ്ധയ്ക്ക് ചൂരല്‍ മര്‍ദ്ദനം; സ്ഥാപന നടത്തിപ്പുക്കാരനെതിരെ കേസെടുത്ത് പോലീസ്

പ്രാര്‍ത്ഥനയ്ക്കിടെ ഉറങ്ങിപ്പോയി: അനാഥാലയത്തിലെ വൃദ്ധയ്ക്ക് ചൂരല്‍ മര്‍ദ്ദനം; സ്ഥാപന നടത്തിപ്പുക്കാരനെതിരെ കേസെടുത്ത് പോലീസ്

കൊല്ലം: കൊല്ലം അഞ്ചലിൽ അനാഥാലയത്തിലെ അന്തേവാസിയായ വയോധികയെ ചൂരൽ വടികൊണ്ട് അടിച്ചയാൾക്കെതിരെ പോലീസ്   കേസെടുത്തു. അഞ്ചൽ അർപ്പിത സ്നേഹാലയം മേധാവി അഡ്വ. സജീവനെതിരെയാണ് കേസ്. പ്രാര്‍ത്ഥനയ്ക്കിടെ ഉറങ്ങിപ്പോയെന്ന് ആരോപിച്ചാണ് അനാഥാലയത്തിലെ വൃദ്ധയെ ചൂരല്‍ കൊണ്ട് ഇയാള്‍ മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ പുറത്തു വന്നതോടെയാണ് സജീവനെതിരെ പോലീസ് കേസെടുത്തത്.

ആരോഗ്യസ്ഥിതി തീരെ മോശമായ മറ്റൊരു വയോധികയോട് പരുഷമായ വാക്കുകൾ ഉപയോഗിച്ചുള്ള ശകാരവും ഭീഷണിയുമുണ്ട് പ്രചരിക്കുന്ന ദൃശ്യങ്ങളില്‍. 20 ലേറെ അന്തേവാസികള്‍ സ്നേഹാലയത്തിലുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിന് കാരണമായ സംഭവം നടന്നത്. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ ഏരൂര്‍ സ്വദേശി ജസീം സലീമാണ് ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച് പുറത്തു വിട്ടത്. ഇത് സംബന്ധിച്ച്‌ ഡി ജി പി അടക്കമുള്ളവര്‍ക്കും ഇയാള്‍ പരാതിയും നല്‍കിയിരുന്നു.

താൻ ആരെയും മർദ്ദിച്ചിട്ടില്ലെന്നും ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട മുൻജീവനക്കാരൻ വ്യാജ പ്രചാരണം നടത്തുകയാണെന്നാണ് സ്ഥാപന മേധാവി കൂടിയായ സജീവന്റെ വിശദീകരണം. ഐപിസി 324 അനുസരിച്ചാണ് സജീവനെതിരെയുള്ള കേസ്.