Headlines
Loading...
'കുഞ്ഞിനെ കിട്ടുന്നതില്‍ സന്തോഷം'; സത്യാഗ്രഹം തുടരുമെന്ന് അനുപമ

'കുഞ്ഞിനെ കിട്ടുന്നതില്‍ സന്തോഷം'; സത്യാഗ്രഹം തുടരുമെന്ന് അനുപമ

സത്യാഗ്രഹ സമരം തുടരുമെന്ന് അനുപമ. ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഷിജു ഖാനെ പോലെയുള്ളവര്‍ തല്‍സ്ഥാനത്ത് തുടരുന്നതിന് അര്‍ഹരല്ലെന്നും നടപടിയുണ്ടാവുന്നത് വരെ സമരം തുടരുമെന്നും അനുപമ മാധ്യമങ്ങളോട് വ്യക്തമാക്കി. തന്റെ കുഞ്ഞിനെ തിരിച്ചുകിട്ടുന്നതില്‍ സന്തോഷമുണ്ടെന്നും അനുപമ അറിയിച്ചു. 

അതേസമയം ഡിഎന്‍എ പരിശോധന നടക്കുന്നത് വരെ കുഞ്ഞിന്റെ സംരക്ഷണ ഉത്തരവാദിത്തം ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ്. അനുപമയുടെ കുഞ്ഞിനെ അഞ്ചുദിവസത്തിനുള്ളില്‍ തിരിച്ചെത്തിക്കണമെന്നാണ് സിഡബ്ലിയുസി ശിശുക്ഷേമ വകുപ്പിന് നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സമരം തുടരുമെന്ന് അറിയിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ഉത്തരവ് പുറത്തുവന്നത്.

'സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ തന്നെ കുഞ്ഞിനെ സംരക്ഷിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. കുഞ്ഞിനെ തിരിച്ചുകിട്ടുന്നതില്‍ ഒത്തിരി സന്തോഷമുണ്ട്. നവംബര്‍-ഡിസംബര്‍ ആദ്യം കുഞ്ഞിനെ കിട്ടും. സമരം തുടരുക തന്നെ ചെയ്യും. ഷിജു ഖാനെ പോലെയുള്ളവര്‍ തല്‍സ്ഥാനത്ത് തുടരുന്നതിന് അര്‍ഹരല്ല.' അനുപമ പറഞ്ഞു.

നിലവിലെ ആന്ധ്രയിലെ ദമ്പതിമാര്‍ക്ക് ഒപ്പമാണ് കുട്ടിയുള്ളത്.കുടുംബ കോടതി മറ്റന്നാള്‍ കേസ് പരിഗണിക്കാനിരിക്കെയാണ് ഉത്തരവ്. ഇന്ന് 11 മണിക്ക് ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നിലെത്താന്‍ അനുപമയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുഞ്ഞിനുവേണ്ടിയുള്ള അനുപമയുടെ സത്യാഗ്രഹം ഏഴാം ദിവസത്തിലേക്ക് കടക്കവെയാണ് നടപടി. അതേസമയം, ആരോപണ വിധേയര്‍ക്കെതിരെ നടപടിയുണ്ടാകും വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് അനുപമ പറഞ്ഞു.

ആരോപണ വിധേയരായ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജൂ ഖാനേയും സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ സുനന്ദയേയും തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ നവംബര്‍ 11 നാണ് അനുപമയും അജിത്തും അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചത്. ശിശുക്ഷേമ സമിതിക്ക് മുന്‍പിലായിരുന്നു സമരം.തിരുവനന്തപുരം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ 2020 ഒക്ടോബര്‍ 19നാണ് അനുപമ കുഞ്ഞിന് ജന്മം നല്‍കുന്നത്. എന്നാല്‍ തന്റെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിതയും ചേര്‍ന്ന് നാലാം ദിവസം കുഞ്ഞിനെ തന്നില്‍ നിന്ന് തട്ടിക്കൊണ്ട് പോയെന്നും, തന്റെ അനുമതിയില്ലാതെ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നുമാണ് അനുപമയുടെ പരാതി. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.