അബുദാബി: സുവര്‍ണ ജൂബിലി ആഘോഷത്തിന് യു.എ.ഇ ഒരുങ്ങിക്കഴിഞ്ഞു. ദേശീയ, സ്മാരക ദിനങ്ങളോടനുബന്ധിച്ച് ഡിസംബര്‍ ഒന്നു മുതല്‍ മൂന്ന് വരെ അവധിയാണ്. വാരാന്ത്യദിനങ്ങള്‍ ചേര്‍ത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലും സ്വകാര്യ മേഖലയില്‍ മൂന്നും ദിവസം അവധിയുള്ളതിനാല്‍ വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്.
ദേശീയ ദിന പരിപാടികളില്‍ മാസ്‌ക് ധരിച്ചും 1.5 മീറ്റര്‍ അകലം പാലിച്ചും മാത്രമേ പങ്കെടുക്കാവൂ. ഒരു കുടുംബത്തിലെ അംഗങ്ങള്‍ ഒന്നിച്ചിരിക്കുന്നതിനു തടസ്സമില്ല. പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതിന് 96 മണിക്കൂറിനകം എടുത്ത പി.സി.ആര്‍ നെഗറ്റീവ് ടെസ്റ്റ് നിര്‍ബന്ധമാണ്. അല്‍ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസും കാണിക്കണം.
അവധി ദിവസങ്ങളില്‍ അബുദാബിയില്‍ പാര്‍ക്കിങ്ങും, ടോളും സൗജന്യമായിരിക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം (ഐ.ടി.സി) അറിയിച്ചു. ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ 12.01 മുതല്‍ നാലാം തീയതി രാവിലെ 7.59 വരെയാണ് സൗജന്യം. നഗരത്തിലും മുസഫ വ്യവസായ മേഖലാ പാര്‍ക്കിങ് എം18 തുടങ്ങി പേയ്ഡ് പാര്‍ക്കിങ് മേഖലകളിലെല്ലാം ഇളവുണ്ടാകും.
എന്നാല്‍ റെസിഡന്‍സി പെര്‍മിറ്റുകാര്‍ക്ക് സംവരണം ചെയ്തയിടങ്ങളില്‍ രാത്രി ഒമ്പത് മുതല്‍ രാവിലെ എട്ടു വരെ മറ്റു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. നിരോധിത സ്ഥലങ്ങളിലോ മറ്റു വാഹനങ്ങള്‍ക്കോ യാത്രയ്‌ക്കോ തടസ്സമുണ്ടാക്കും വിധമോ പാര്‍ക്കു ചെയ്യരുത്. നിയമലംഘകര്‍ക്ക് 200 ദിര്‍ഹം പിഴ ചുമത്തുന്നതിനു പുറമെ വാഹനം നഗരസഭാ യാഡിലേക്കു മാറ്റും.
അവധി ദിനങ്ങളില്‍ ദര്‍ബ് ടോള്‍ ഗേറ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് ടോള്‍ ഈടാക്കില്ല. നാലാം തീയതി മുതല്‍ ടോള്‍ തുടരും. തിരക്കേറിയ സമയങ്ങളില്‍ രാവിലെ ഏഴു മുതല്‍ ഒമ്പതു വരെയും വൈകിട്ട് അഞ്ചു മുതല്‍ വൈകുന്നേരം ഏഴു വരെയും ടോള്‍ ഈടാക്കും. ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ക്ക് ഡിസംബര്‍ നാലു വരെ അവധിയായിരിക്കും.
അതേസമയം, ബസ് സര്‍വീസ് വെള്ളിയാഴ്ചകളിലെ സമയപട്ടിക അനുസരിച്ച് സര്‍വീസ് നടത്തും. ഡല്‍മ ദ്വീപിനും ജബല്‍ അല്‍ ദാന തുറമുഖത്തിനും ഇടയിലും അല്‍ സാദിയാത്ത് ദ്വീപിനും അല്‍ ആലിയക്കുമിടയിലാണ് ഫെറി സര്‍വീസ് നടത്തുക. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റിലോ (www.itc.gov.ae) ഇമെയിലിലോ (customer.care@itc.gov.ae) ടോള്‍ഫ്രീ നമ്പറിലോ (800 88888) ദര്‍ബ് മൊബൈല്‍ ആപ്പിലോ ബന്ധപ്പെടാം.