Headlines
Loading...
മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു; വീണ്ടും ഷട്ടറുകള്‍ ഉയര്‍ത്തി

മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു; വീണ്ടും ഷട്ടറുകള്‍ ഉയര്‍ത്തി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ 4,5 ഷട്ടറുകള്‍ മുപ്പത് സെക്കന്റ് വീതമാണ് തുറന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയമായ 142 അടിയിലെത്തിയതോടെ മുന്നറിയിപ്പില്ലാതെയാണ് കഴിഞ്ഞ ദിവസം ഷട്ടറുകള്‍ തുറന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മഞ്ചുമല ആറ്റോരം മേഖലയിലെ നിരവധി വീടുകളില്‍ വെള്ളം കയറി. മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ രംഗത്തുവരികയായിരുന്നു.

ശക്തമായ മഴയെ തുടര്‍ന്ന് ഇന്നലെ രാത്രി 2.30ഓടെയാണ് അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയില്‍ എത്തിയത്. തുടര്‍ന്ന് 3 മണിയോടെ ഒരു ഷട്ടര്‍ ഉയര്‍ത്തുകയും പിന്നീട് ഘട്ടം ഘട്ടമായി 8 ഷട്ടറുകള്‍ ഉയര്‍ത്തുകയായിരുന്നു. നീരൊഴുക്കില്‍ അല്‍പ്പം കുറവുണ്ടായതോടെ രണ്ട് ഷട്ടറുകള്‍ തമിഴ്‌നാട് താഴ്ത്തുകയും ചെയ്തു. ഈ ഷട്ടറുകളാണ് വീണ്ടും തുറന്നിരിക്കുന്നത്.