kerala
'മുല്ലപ്പെരിയാര്‍ ജലബോംബ്'; തകര്‍ന്നാല്‍ മലയാളികളും തമിഴ്‌നാട്ടുകാരും മരിക്കുമെന്ന് എംഎം മണി
മുല്ലപ്പെരിയാര്‍ ഡാം അപകടാവസ്ഥയിലാണെന്ന് എംഎം മണി എംഎല്‍എ. വണ്ടിപ്പെരിയാറിന് മുകളില്‍ ജലബോംബായി മുല്ലപ്പെരിയാര്‍ നില്‍ക്കുകയാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ കേരളത്തിലുള്ളവര്‍ വെള്ളം കുടിച്ചും തമിഴ്നാട്ടുകാര്‍ വെള്ളം കുടിക്കാതെയും മരിക്കുമെന്ന് എംഎം മണി പറഞ്ഞു.
നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. സാമാന്യ ബുദ്ധി വച്ചൊന്ന് ആലോചിക്കണം. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മ്മിച്ച ഡാമിന്റെ അകം കാലിയാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോന്ന് അറിയാന്‍ ഇനിയും തുരന്ന് നോക്കുന്നത് വിഡ്ഢിത്വമാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് രാഷ്ട്രീയം കളിക്കുകയാണ്. ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താല്‍ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിക്കും. പുതിയ ഡാം അല്ലാതെ വേറെ എന്താണ് മാര്‍ഗം. ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടുക്കിയിലെ ജനങ്ങളും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വലിയ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും എംഎം മണി ആവശ്യപ്പെട്ടു.