national
'തുടരെ തുടരെ മുഖത്തടിച്ചു'; സ്‌കൂട്ടറിന് വഴിനല്‍കിയില്ലെന്നാരോപിച്ച് ക്യാബ് ഡ്രൈവറെ കയ്യേറ്റം ചെയ്ത് യുവതി
ഡല്‍ഹിയില്‍ ഇരുചക്ര വാഹനത്തിന് വഴി നല്‍കിയില്ലെന്ന് ആരോപിച്ച് ക്യാബ് ഡ്രൈവറുടെ മുഖത്തടിച്ച് യുവതി. തനിക്ക് കടന്നു പോകുവാന്‍ വഴി നല്‍കാതിരുന്നതിനെ തുടര്‍ന്ന് യുവതി തുടര്‍ച്ചയായി അഞ്ച് തവണ ഡ്രൈവറുടെ മുഖത്ത് അടിച്ചതായാണ് റിപ്പോര്‍ട്ട്. ദൃസാക്ഷികളില്‍ ഒരാള്‍ പകര്‍ത്തിയ ഡ്രൈവറെ കയ്യേറ്റം ചെയ്യുന്ന യുവതിയുടെ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
രണ്ടു യുവതികളാണ് സ്‌കൂട്ടറില്‍ ഉണ്ടായിരുന്നത്. ഗതാഗത കുരുക്ക് നേരിട്ടതിനെ തുടര്‍ന്ന് യുവതി കടന്നു പോകാന്‍ ശ്രമിക്കവെ ക്യാബ് ഡ്രൈവര്‍ വഴി നല്‍കിയില്ലെന്നും ഇതില്‍ പ്രകോപിതയായ യുവതി ഡ്രൈവറുടെ മുഖത്തടിക്കുകയായിരുന്നുവെന്നും ദൃസാക്ഷികള്‍ പറഞ്ഞു. ഡ്രൈവറോട് ക്ഷുഭിതയായി സംസാരിക്കുന്ന യുവതി തുടര്‍ച്ചയായി അഞ്ചു തവണ ഇയാളുടെ മുഖത്തടിക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും.
ഡ്രൈവറെ അടിക്കരുതെന്ന് കൂടിനില്‍ക്കുന്നവര്‍ പറയുന്നുണ്ടെങ്കിലും യുവതി അത് കേള്‍ക്കാന്‍ തയ്യാറാകാതെ കയ്യേറ്റം തുടരുകയായിരുന്നു. വഴി നല്‍കാതിരുന്ന ഡ്രൈവറോട് അസഭ്യം പറഞ്ഞതിന് ശേഷമാണ് യുവതി ഇയാളെ വാഹനത്തില്‍ നിന്നും ഇറക്കി കയ്യേറ്റം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ വഴിയാത്രക്കാരന് യുവതി മറുപടി നല്‍കുന്നതും വീഡിയോയില്‍ വ്യക്തമാണ്.