kerala
ശിവന്‍കുട്ടിയെ പഠിപ്പിക്കാനെത്തിയ യുവമോര്‍ച്ചയ്ക്കും തെറ്റി; 'എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് അവസ്ഥ
വാര്‍ത്താ സമ്മേളനത്തിനിടെ രാജ്യത്ത് 35 സംസ്ഥാനങ്ങളുണ്ടെന്ന് പറഞ്ഞ മന്ത്രി വി ശിവന്‍കുട്ടി പരിഹസിച്ച് യുവമോര്‍ച്ച സംഘടിപ്പിച്ച പ്രതിഷേധം പരിഹാസ്യമായി. ശിവന്‍കുട്ടിയെ തിരുത്താനെത്തിയ യുവമോര്‍ച്ച നേതാക്കള്‍ക്കും രാജ്യത്ത് എത്ര സംസ്ഥാനങ്ങളുണ്ടെന്ന് അറിയാതെ പോയി. സെക്രട്ടേറിയേറ്റിന് മുന്നിലായിരുന്നു പ്രഹസനമായ ഈ വ്യത്യസ്ത പ്രതിഷേധം. ശിവന്‍കുട്ടിയെ ഇരുത്തി പഠിപ്പിക്കുന്ന രീതിയിലായിരുന്നു യുവമോര്‍ച്ച പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയുടെ ഭൂപടം നിരത്തി ക്ലാസ് ആരംഭിച്ചു. പിന്നാലെ നേതാക്കളിലൊരാള്‍ രാജ്യത്ത് 29 സംസ്ഥാനങ്ങളുണ്ടെന്നാണ് ശിവന്‍കുട്ടിയെ പഠിപ്പിച്ചത്. ജമ്മുകാശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കിയത് അറിയാതെയായിരുന്നു നേതാവിന്റെ ക്ലാസെടുക്കല്‍. വിദ്യാഭ്യാസമന്ത്രിക്ക് വിവരമില്ലെന്ന് ഇതിനിടെ നേതാവിന്റെ അണി ഉറക്കെ വിളിക്കുകയും ചെയ്തതോടെ പ്രതിഷേധം അതിഗംഭീരമായി അവസാനിക്കുകയും ചെയ്തു.
ബിജെപി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണലോ അവസ്ഥ എന്നാണ് സംഭവത്തോട് സോഷ്യല്‍മീഡിയ ചോദിക്കുന്നത്. നല്ല രീതിയില്‍ ഒരു പ്രതിഷേധ പരിപാടി പോലും നടത്താന്‍ ഇവര്‍ക്ക് കഴിയുന്നില്ലല്ലോയെന്നും സൈബര്‍ ലോകം പരിഹസിക്കുന്നു. അതേസമയം, തനിക്ക് സംഭവിച്ചത് മനുഷ്യ സഹജമായ പിഴവാണെന്ന് മന്ത്രി വി ശിവന്‍കുട്ടി വിഷയത്തോടെ പ്രതികരിച്ചു. ആര്‍ക്കും പറ്റാവുന്ന ഒരു തെറ്റിന്റെ പേരില്‍ തന്നെ ആക്ഷേപിക്കുന്നവര്‍ക്ക് ആശ്വാസം കിട്ടുന്നുണ്ടെങ്കില്‍ അത് കിട്ടിക്കോട്ടേയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ ട്രോളായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം
''എല്ലാ മനുഷ്യനും മനുഷ്യസഹജമായ എന്തെങ്കിലും ബുദ്ധിമുട്ട് സംഭവിക്കും. നാക്കിന്റെ പിഴവൊക്കെ ലോകത്തുള്ള എല്ലാ മനുഷ്യനും സംഭവിക്കും. അത്തരത്തില്‍ ഒരു പിഴവാണ് ഇന്നലെ സംഭവിച്ചത്. അതിനെ ആക്ഷേപിച്ചു കൊണ്ടും പലരൂപത്തില്‍ ചിത്രീകരിക്കുന്ന ഒരു സ്ഥിതി ചില ആള്‍ക്കാര്‍, പ്രത്യേകിച്ച് കോണ്‍ഗ്രസുകാരും കോണ്‍ഗ്രസിലെ ഒരു വിഭാഗവും നടത്തുന്നുണ്ട്. അതിന്റെ പേരില്‍ അവര്‍ക്ക് ആത്മ സംതൃപ്തിയും ആശ്വാസവും ലഭിക്കുന്നുണ്ടെങ്കില്‍ അത് കിട്ടിക്കോട്ടെ. എനിക്കതില്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല.'' ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി മാര്‍ഗരേഖ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ശിവന്‍കുട്ടിക്ക് നാക്ക് പിഴ സംഭവിച്ചത്.