Headlines
Loading...
POLITICS | 'ചെഗുവേര വീല്‍ചെയറില്‍; ചുറ്റും മുണ്ടുമടക്കിക്കുത്തി നേതാക്കളും'; കവര്‍ ചിത്രത്തിന് പിന്നിലെ കഥ ഇതാണ്

POLITICS | 'ചെഗുവേര വീല്‍ചെയറില്‍; ചുറ്റും മുണ്ടുമടക്കിക്കുത്തി നേതാക്കളും'; കവര്‍ ചിത്രത്തിന് പിന്നിലെ കഥ ഇതാണ്

'വിപ്ലവനക്ഷത്രം ചെഗുവേര കേരളീയാന്തരീക്ഷത്തില്‍', 'കരിവെള്ളൂരിലെ കൂത്തൂര്‍ നാരായണേട്ടനും, തേത്രവന്‍ കുഞ്ഞിരാമേട്ടനും തുടങ്ങി കോടിയേരിയും ഇപി ജയരാജനും അടക്കമുള്ള നേതാക്കളും...' വയലാര്‍ അവാര്‍ഡിനൊപ്പം ബെന്യാമിന്റെ മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങളുടെ വ്യത്യസ്തമായ ഈ കവര്‍ ചിത്രം വീണ്ടും ശ്രദ്ധേയമാവുകയാണ്. കരിവെളളൂര്‍ സമരത്തിന്റെ അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ഇ.എം.എസിനെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കാറിലേക്ക് കൊണ്ടുവരുന്ന ചിത്രമാണ് ഈ മുഖചിത്രത്തിനാധാരം. 

കവര്‍ ചിത്രത്തിന് പിന്നിലെ കഥ സജിത്ത് കരിവെള്ളൂര്‍ പറയുന്നു: മധ്യതിരുവിതാംകൂറിലെ തിരുവല്ലയിലോ കോഴഞ്ചേരിയിലോ ഉള്‍പ്പെട്ടേക്കാവുന്ന മാന്തളിര്‍ എന്ന ദേശത്തിലെ ഓര്‍ത്തഡോക്‌സ് ക്രൈസ്തവ കുടുംബങ്ങളില്‍ നടക്കുന്ന സംഭവ വികാസങ്ങളും വടക്കേ മലബാറിലെ കമ്യൂണിസ്റ്റ് ഗ്രാമമായ കരിവെള്ളൂരും തമ്മില്‍ അധികമാരുമറിയാത്ത ഒരു ബന്ധമുണ്ടായിട്ടുണ്ട്. പ്രിയപ്പെട്ട എഴുത്ത്കാരന്‍ ബെന്യാമിന്റെ അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍ എന്ന സൃഷ്ടിയുടെ രണ്ടാം പതിപ്പ് മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന പേരില്‍ നോവലായി പുറത്തിറങ്ങിയപ്പോള്‍ തന്നെ അതിന്റെ കളറിലല്ലാത്ത മുഖചിത്രം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 

ഒരു യൂറോപ്യന്‍ / ലാറ്റിനമേരിക്കന്‍ തെരുവില്‍ കുറേ മുണ്ടുടുത്ത മലയാളികള്‍ വിപ്ലവ നക്ഷത്രം സാക്ഷാല്‍ ചെഗുവേരയെ ഒരു വീല്‍ ചെയറില്‍ ഇരുത്തി ചുറ്റും കൂടി നില്‍ക്കുന്നു. കൗതുകം ജനിപ്പിക്കുന്ന ഈ കവര്‍ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിയപ്പോള്‍ പല മുഖങ്ങളും പരിചിതം. സഖാക്കള്‍ കോടിയേരി, ഇ.പി ജയരാജന്‍ , ജി.ഡി മാഷ്...പിന്നെ ശരിക്കും ഞെട്ടിച്ച് കൊണ്ട് മുണ്ടുമടക്കിക്കുത്തി കരിവെള്ളൂരിലെ സഖാവ് കൂത്തൂര്‍ നാരായണേട്ടനും, വെളുക്കെ ചിരിച്ച് കൊണ്ട് തേത്രവന്‍ കുഞ്ഞിരാമേട്ടനും... 

സാങ്കല്‍പ്പിക ഭൂമിയായ മാന്തളിര്‍ ഇടവകയിലെ ചിരിക്കും, കലഹങ്ങള്‍ക്കും കരിവെള്ളൂര്‍ സഖാക്കളുമായെന്ത് ബന്ധം എന്ന് ആദ്യം ഓര്‍ത്ത് പോയി! കരിവെളളൂര്‍ സമരത്തിന്റെ അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി 1996 നവംബര്‍ 20ന് കരിവെള്ളൂര്‍ സമരഭൂമികയായ കുണിയന്‍ പുഴക്കരയില്‍ സംഘടിപ്പിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ തീരെ അവശനായിട്ടുകൂടി സ: ഇ.എം.എസ് എത്തുകയുണ്ടായി. ഇതിനായി ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ അദ്ധേഹത്തിനെ സഖാക്കള്‍ കാറിലേക്ക് കൊണ്ടുവരുന്ന ചിത്രമാണ് ഈ മുഖചിത്രത്തിനാധാരം. 

 ഈ അപൂര്‍വ്വ ഫോട്ടോ പകര്‍ത്തിയത് മാതൃ ഭൂമിയിലെ മധുരാജ് ആണ്, മാന്തളിരിന് വേണ്ടി കവര്‍ ഡിസൈന്‍ ചെയ്തത് സെയ്‌നുല്‍ ആബിദ്. മാന്തളിര്‍ ദേശത്തിന്റെ കഥ പറയുന്ന രചനക്ക് വയലാര്‍ അവാര്‍ഡ് ലഭിച്ചത് ഒരു ചെഗുവേര രക്തസാക്ഷി ദിനത്തില്‍ ആകുമ്പോള്‍ ഞങ്ങള്‍ കരിവെള്ളൂര്‍ക്കാര്‍ക്കുമുണ്ട് അഭിമാനിക്കാന്‍... മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം ലഭിച്ച സൃഷ്ടിയുടെ മുഖ ചിത്രത്തില്‍ മുണ്ട് മടക്കിക്കുത്തി നിന്നതിന്.