Headlines
Loading...
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേയ്ക്ക് രണ്ട് പൊലീസ് ഉദ്യോഗസ്ഥരും

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേയ്ക്ക് രണ്ട് പൊലീസ് ഉദ്യോഗസ്ഥരും

കേരള പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരും കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേയ്ക്ക്. മലബാർ സ്പെഷ്യൽ പോലീസിൽ നിന്ന് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ ഡെപ്യൂട്ടേഷനിൽ ജോലിനോക്കുന്ന നെടുമങ്ങാട് സ്വദേശി ആനന്ദ് എസ് കുമാറും ഇടുക്കി ശാന്തൻപാറ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി കെ അനീഷുമാണ് സിവിൽ സർവീസിലേയ്ക്ക് പ്രവേശിക്കുന്നത്.

നെടുമങ്ങാട് മേലാംകോട് സ്വദേശിയായ ആനന്ദ് എസ് കുമാർ പതിനൊന്നാം റാങ്ക് നേടിയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേയ്ക്ക് എത്തുന്നത്. കോഴിക്കോട് ഫറൂഖ് കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയശേഷം 2017ൽ പോലീസിൽ ചേർന്നു. തൃശൂരിലെ പൊലീസ് പരിശീലനകേന്ദ്രത്തിൽ രണ്ടുവർഷം സേവനത്തിനുശേഷമാണ് തിരുവനന്തപുരത്ത് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ എത്തിയത്. മുൻ എം എസ് പി കമാന്റന്റ് അബ്ദുൽ കരീം, എസ് ഐ എസ് എഫ് കമാന്റന്റ് സിജിമോൻ ജോർജ് എന്നിവരുടെ അകമഴിഞ്ഞ സഹായം കൊണ്ടാണ് തനിക്ക് ഈ വിജയം നേടാൻ കഴിഞ്ഞതെന്ന് ആനന്ദ് പറഞ്ഞു.

ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണി സ്വദേശിയായ അനീഷ് ഇപ്പോൾ ശാന്തൻപാറ പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറാണ്. 59-ാം റാങ്കാണ് അദ്ദേഹത്തിന് ലഭിച്ചത്. രാജകുമാരി എൻഎസ്എസ് കോളേജിൽ നിന്ന് ഇലക്ട്രോണിക്സ് ബിരുദവും തൊടുപുഴ ഐഎച്ച്ആർഡി യിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തരബിരുദവും നേടിയശേഷം 2005ലാണ് പോലീസിൽ പ്രവേശിച്ചത്. വിജയത്തിൽ സഹപ്രവർത്തകരുടെ സഹായസഹകരണങ്ങൾ നന്ദിയുണ്ടെന്നും അനീഷ് പറഞ്ഞു.

മൂന്ന് സ്ട്രീമുകളില്‍ ആയി പ്രഖ്യാപിച്ച റാങ്ക് പട്ടികയില്‍ ആദ്യ രണ്ട് സ്ട്രീമുകളിലും ഉന്നത വിജയം കസ്ഥമാക്കിയത് വനിതകളാണ്. സംസ്ഥാന സര്‍വീസില്‍ ഏറ്റവും ഉയര്‍ന്ന പോസ്റ്റ് കെഎഎസ്. മൂന്ന് സ്ട്രീമുകളിലായി 105 പേര്‍ നിയമനം നേടും. സ്ട്രീം ഒന്നില്‍ 122 പേര്‍ യോഗ്യത നേടി. മാലിനി എസിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് നന്ദന എസ് പിള്ള, മൂന്നാം റാങ്ക് ഗോപിക ഉദയന്‍, നാലാം റാങ്ക്. ആതിര എസ്‌വി, അഞ്ച് ഗൗതമന്‍ എം. 29 സര്‍ക്കാര്‍ വകുപ്പുകള്‍ ഉള്‍പ്പെടുന്ന സ്ട്രീം രണ്ടില്‍ അഖില ചാക്കോയ്ക്കാണ് ഒന്നാം റാങ്ക്. ജയകൃഷ്ണന്‍ കെ ജി, പാര്‍വതി ചന്ദ്രന്‍ എല്‍, ലിബു എസ് ലോറന്‍സ്, ജോഷോ ബെനട്ട് ജോണ്‍ എന്നിവര്‍ മുന്നിലെത്തി. 183 പേരാണ് രണ്ടാം സ്ട്രീമിലെ റാങ്ക് പട്ടികയിലുള്ളത്. 182 പേരുള്‍പ്പെട്ട സ്ട്രീം മൂന്നില്‍ അനൂപ് കുമാര്‍ വി ഒന്നാം സ്ഥാനത്ത് എത്തി. അജീഷ് കെ, പ്രമോദ് ജി വി, ചിത്രലേഖ കെ കെ, സനോബ് വി എന്നിവർ ആദ്യ സ്ഥാനങ്ങളും കരസ്ഥമാക്കി.