ഇടുക്കി ഡാമിലെ വെള്ളം നിയന്ത്രിക്കുന്നതിനായ ചെറു തോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. രാവിലെ 10.50 ന് മുന്നറിയിപ്പ് സൈറണ്‍ നല്‍കിയ ശേഷം കൃത്യം 11 മണിക്ക് തന്നെ ആദ്യ ഷട്ടര്‍ തുറന്നു. ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് , വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസന്നകുമാര്‍, എക്‌സിക്യൂട്ടീവ് ആര്‍.ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു നടപടി.
ആദ്യ ഷട്ടര്‍ തുറന്ന ശേഷം ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും ഉയര്‍ത്തുന്ന നിലയിലായിരുന്നു ക്രമീകരണം. 35 സെ.മീ. വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തുക. വരും ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുന്‍കരുതലായി ഷട്ടര്‍ ഉര്‍ത്തുന്നത്.
ഇടുക്കിയിലെ ചെറുതോണി ഡാം തുറക്കുമ്പോൾ ചെറുതോണി മുതൽ അറബിക്കടൽ വരെയാണ് വെള്ളം ഒഴുകുക. ചെറുതോണി ടൗൺ പാതയിലെ ആദ്യ ജന വാസ കേന്ദ്രം പിന്നീട്, പെരിയാർ, ലോവർ പെരിയാർ അണക്കെട്ട്, ഭൂതത്താൻ കെട്ട്, , കാലടി, നെടുമ്പാശ്ശേരി, ആലുവ വഴി അറബിക്കടലില്‍ പതിക്കും.
കക്കി ആനത്തോട് ഡാം തുറന്നതിന് പിന്നാലെ ഇടമലയാര്‍, പമ്പ ഡാമുകളും ചൊവ്വാഴ്ച തുറന്നിരുന്നു. ഇടമലയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇതോടെ പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇടമലയാറിലെ വെള്ളം രാവിലെ എട്ട് മണിയോടെ ഭൂതത്താന്‍ കെട്ടിലെത്തും. ഉച്ചയ്ക്ക് 12 മണിയോടെ കാലടി, ആലുവ മേഖലയിലും വെള്ളമെത്തുമെന്നാണ് വിലയിരുത്തല്‍. പെരിയാറില്‍ ഒരു മീറ്ററോളം ജല നിരപ്പ് ഉയരുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.