Headlines
Loading...
ഭാരത് ബന്ദ്; കേരളത്തില്‍ ഹര്‍ത്താല്‍ തുടങ്ങി

ഭാരത് ബന്ദ്; കേരളത്തില്‍ ഹര്‍ത്താല്‍ തുടങ്ങി

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. കര്‍ഷക സംഘടനയുടെ മൂന്നാം ഘട്ട സമരപ്രഖ്യപനത്തിന്റെ ഭാഗമായിട്ടാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിത്. അതേസമയം കേരളത്തില്‍ ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സംയുക്ത സമര സമിതി അറിയിച്ചിട്ടുണ്ട്.

എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഭാഗികമായെ ഉണ്ടാകുവെന്ന് അറിയിച്ചിരുന്നു. ആശുപത്രികള്‍, റയില്‍വെ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിമിതമായ ലോക്കല്‍ സര്‍വ്വീസുകള്‍ പൊലീസ് അകമ്പടിയോടെ മാത്രം നടത്താനാണ് തീരുമാനം.

സര്‍വകലാശാല പരീക്ഷകളും, പി.എസ്.സി പരീക്ഷകളും, അഭിമുഖങ്ങളും മാറ്റിവച്ചിട്ടുണ്ട്. കേരളത്തിന് പുറമേ ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ഭരണകക്ഷികള്‍ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ചാബില്‍ 230 കേന്ദ്രങ്ങളിലും ഹരിയാനയില്‍ ദേശീയ പാതളും റെയില്‍പാതകളും ഉപരോധിക്കും. പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും രംഗത്തു വന്നിട്ടുണ്ട്. അതേ സമയം പ്രതിഷേധത്തില്‍ നിന്ന് കര്‍ഷകര്‍ പിന്മാറണമെന്ന് കാര്‍ഷിക മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. സമരം നടത്തി സംഘര്‍ഷമുണ്ടാക്കരുതെന്നും ചര്‍ച്ചകള്‍ക്ക് എത്തണമെന്നും പറഞ്ഞു.