Headlines
Loading...
ടെക്സ്റ്റൈല്‍സില്‍ നിന്ന് കാല്‍ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ മോഷ്ടിച്ചു; കടയിലെ ജീവനക്കാരനടക്കം രണ്ടുപേർ പിടിയില്‍

ടെക്സ്റ്റൈല്‍സില്‍ നിന്ന് കാല്‍ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ മോഷ്ടിച്ചു; കടയിലെ ജീവനക്കാരനടക്കം രണ്ടുപേർ പിടിയില്‍

കൊല്ലം: പള്ളിമുക്കിലെ വസ്ത്ര വില്‍പ്പനശാലയില്‍ മോഷണം നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുഹമ്മദ് ഷാഫി (21) അഭിഷേക് (20) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. മോഷണസംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം മുന്നുപേരുണ്ടെന്നാണ് വിവരം. പ്രതികളിലൊരാളായ മുഹമ്മദ് ഷാഫി മോഷണം നടന്ന കടയില്‍ സീസണ്‍ സമയങ്ങളിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു. 

ദേശീയപാതയ്ക്കരികില്‍ പളളിമുക്ക് പോസ്റ്റ് ഓഫീസിനും വെണ്ടര്‍ മുക്കിനും ഇടയിലുള്ള ലീവി എന്ന വസ്ത്രവില്‍പ്പനശാലയില്‍ തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. സ്ഥാപനത്തിന്റെ ഒന്നാം നിലയിലെ ഷീറ്റ് തകര്‍ത്ത് അകത്തു കടന്ന് പണവും വസ്ത്രങ്ങളും മോഷ്ടിച്ചെന്നാണ് കേസ്. മോഷ്ടാക്കള്‍ കടയുടെ ഓഫീസിന്റെ വാതില്‍ തകര്‍ത്ത് കൗണ്ടറിലുണ്ടായിരുന്ന പതിനെണ്ണായിരത്തോളം രൂപയും കാല്‍ ലക്ഷത്തോളം രൂപയുടെ വസ്ത്രങ്ങളും അപഹരിക്കുകയും, കടയിലെ ഏഴോളം നിരീക്ഷണ ക്യാമറകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കടയ്ക്കുണ്ടായത്. 

കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ റ്റി നാരായണന്റെ നിര്‍ദേശപ്രകാരം എസിപ .പ്രദീപ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ച് മോഷണം നടന്ന കടയില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കടയില്‍ നിന്നും മോഷ്ടിച്ച പണം തിരുവനന്തപുരം ഭാഗത്ത് കറങ്ങി നടന്ന് ചില വഴിച്ച ശേഷം പരവൂരിലെത്തി പരവൂര്‍ മാമൂട്ടില്‍ റെയില്‍വെ പാലത്തിന് അടിയില്‍ ഒളിച്ചു കഴിയവെയാണ് ഇവര്‍ പിടിയിലായത്. മോഷ്ടിച്ച തുണിത്തരങ്ങള്‍ അഭിഷേകിന്റെ പരവൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ ബന്ധുവീട്ടില്‍ നിന്നും, കാപ്പില്‍ പതിനെട്ടാം പടിക്കടുത്തുള്ള ഷാഫിയുടെ ബന്ധുവീട്ടില്‍ നിന്നുമായി പൊലീസ് കണ്ടെടുത്തു. പ്രതികളെ മോഷണം നടന്ന കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരവിപുരം എസ്എച്ച്ഒ വി വി അനില്‍കുമാര്‍, എസ്ഐമാരായ അരുണ്‍ ഷാ, ദീപു, പ്രകാശ്, ദിനേശ് കുമാര്‍, എസ്സിപിഓ. സുമേഷ് ബേബി, സിപിഓമാരായ മനാഫ്, ജിജു ജലാല്‍, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.