Headlines
Loading...
സ്ത്രീസുരക്ഷാ കേരളത്തിന് ഗവർണർ ഉപവാസം തുടങ്ങി; അഭിവാദ്യവുമായി കേന്ദ്രമന്ത്രി

സ്ത്രീസുരക്ഷാ കേരളത്തിന് ഗവർണർ ഉപവാസം തുടങ്ങി; അഭിവാദ്യവുമായി കേന്ദ്രമന്ത്രി

തിരുവനന്തപുരം∙ സ്ത്രീ സുരക്ഷിത കേരളത്തിനു വേണ്ടിയും സ്ത്രീധനത്തിനെതിരായും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന ഉപവാസത്തിനു തുടക്കമായി. സംസ്ഥാന സർക്കാരിന്റെ തലവനായ ഗവർണർ ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് ഉപവസിക്കുന്നത് അസാധാരണ നടപടിയാണ്. രാവിലെ 8 മണി മുതൽ വൈകുന്നേരം 6 വരെയാണ് ഉപവാസം.

രാവിലെ മുതൽ രാജ്ഭവനിൽ ഉപവസിക്കുന്ന ഗവർണർ പിന്നീട് 4.30 മുതൽ ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയൻ സംഘടനകളും സംയുക്തമായി തൈക്കാട് ഗാന്ധിഭവനിൽ നടത്തുന്ന ഉപവാസ, പ്രാർഥനാ യജ്ഞത്തിൽ പങ്കെടുക്കും. കൊല്ലത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് മരിച്ച വിസ്മയയുടെ വീട്ടിൽ ഗവർണർ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു.

അതേസമയം, ഗവർണർക്ക് അഭിവാദ്യവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്തെത്തി. ഇന്ത്യൻ ഭരണചരിത്രത്തിലെ അപൂർവ കാഴ്ചയാണിതെന്നും ഗാന്ധിയൻ മാർഗത്തിലുള്ള ഈ പ്രതിഷേധത്തിലൂടെ ഗവർണർ നൽകുന്ന സന്ദേശം ഭരണതലപ്പത്തുള്ളവരുടെ കണ്ണു തുറപ്പിക്കട്ടേയെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.

സംസ്ഥാനത്തിന്റെ ഭരണത്തലവൻ തന്നെ ഉപവസിക്കേണ്ട സാഹചര്യം എന്തുകൊണ്ട് ഉണ്ടായി എന്ന് പരിശോധിക്കേണ്ടത് കേരള സർക്കാരാണ്. വനിതാമതിൽ കെട്ടിയവരുടെ നാട്ടിൽ ചെറുപ്രായത്തിൽ പെൺകുട്ടികൾ ചിറകറ്റ് വീഴുന്നത് ആരുടെ പിടിപ്പുകേടാണ്. എന്തു കുറ്റകൃത്യം ചെയ്താലും രാഷ്ട്രീയ സംരക്ഷണം കിട്ടുമെന്ന ആത്മവിശ്വാസമാണ് ഇക്കൂട്ടർക്ക്. പ്രചാരവേലകളിലൂടെ എല്ലാത്തിനെയും മറികടക്കാനാണ് കമ്യൂണിസ്റ്റ് സർക്കാർ ശ്രമിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്തവർ അധികാര കസേരയിൽ തുടരുന്നത് നാടിന്റെ ഗതികേടാണ്. – അദ്ദേഹം കുറിച്ചു.