kerala
മുഖ്യമന്ത്രി നേരിട്ടു വിളിച്ചു; കട തുറന്നുള്ള പ്രതിഷേധത്തില്‍നിന്ന് പിന്മാറി വ്യാപാരികള്‍
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നാളെ കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറി വ്യാപാരികള്‍. വിഷയത്തില്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുന്നത് മൂലമാണ് കടകള്‍ തുറക്കേണ്ടെന്ന് തീരുമാനിച്ചത്.
മുഴുവന്‍ ദിവസവും കടകള്‍ തുറക്കുന്നത് സംബന്ധിച്ച് ഇന്ന് കോഴിക്കോട് ജില്ലാ കലക്ടറുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. പിന്നാലെ നാളെ മുതല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ചത് പ്രകാരം മാത്രമെ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്നും വ്യാപാരികളുടെ ഭാഗത്ത് നിന്നും പ്രകോപനപരമായ നീക്കമുണ്ടായാല്‍ പൊലീസിന്റെ സഹായത്തോടെ നിയമപരമായി നീക്കങ്ങളോട് നേരിടുമെന്നും കളക്ടര്‍ നരസിംഹു തേജ് ലോഹിത് റെഡ്ഢി അറിയിക്കുകയും ചെയ്തു.
വ്യാപാരികളുടെ പ്രതിസന്ധി പ്രതിപക്ഷം വലിയ വിഷയമാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വ്യാപാരികളുമായി ചര്‍ച്ച നടത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് തേടി സമരത്തിന് ഇറങ്ങേണ്ടിവരുമെന്ന വ്യാപാരികളുടെ നിലപാടിനോട് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം. വ്യാപാരികള്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയതിന് പിന്നാലെയാണ് വിഷയം പ്രതിപക്ഷം രാഷ്ട്രീയമായി ഏറ്റെടുക്കുന്നത്. വ്യാപാരികളോട് ഈ രീതിയില്‍ പോകാനാണ് മുഖ്യമന്ത്രിയുടെ തീരുമാനമെങ്കില്‍ യുഡിഎഫ് വ്യാപാരികള്‍ക്കൊപ്പം നില്‍ക്കുമെന്നും പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യാപാരികള്‍ക്കെതിരെ മുഖ്യമന്ത്രി വിരട്ടലിന്റെ ഭാഷ സ്വീകരിക്കുന്നത് ശരിയല്ല. പാര്‍ട്ടി സെക്രട്ടറിയുടെ ഭാഷയാണ് മുഖ്യമന്ത്രി ഇന്നലെ ഉപയോഗിച്ചത്. ജനങ്ങളോടും കച്ചവടക്കാരോടും ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണ് മുഖ്യമന്ത്രി നടത്തിയത് സാമൂഹിക സാമ്പത്തിക യഥാര്‍ത്ഥ്യം മുഖ്യമന്ത്രി മനസ്സിലാക്കണം. കട തുറക്കുന്നതില്‍ സര്‍ക്കാരിനുള്ളിലെ ഉദ്യോഗസ്ഥര്‍ക്ക് രണ്ട് അഭിപ്രായമാണുള്ളത്. മുഖ്യമന്ത്രിയുടെ സമീപനം ഇതാണെങ്കില്‍ വ്യാപാരികളുടെ സമരത്തെ പിന്തുണക്കുമെന്നും വിഡി സതീശന്‍ പറവൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.