Headlines
Loading...
കുണ്ടറ പീഡന വിവാദം: മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് എന്‍സിപി; ആറ് പേരെ സസ്‌പെന്‍ഡ് ചെയ്തു

കുണ്ടറ പീഡന വിവാദം: മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് എന്‍സിപി; ആറ് പേരെ സസ്‌പെന്‍ഡ് ചെയ്തു

കുണ്ടറ പീഡന പരാതിയില്‍ മന്ത്രി എ കെ ശശീന്ദ്രന് ജാഗ്രതക്കുറവുണ്ടായെന്ന് എന്‍സിപി. ഫോണ്‍ സംഭാഷണങ്ങളിലും ഇടപെടലുകളിലും ജാഗ്രത വേണമെന്നാണ് മന്ത്രിക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പ്രവര്‍ത്തകര്‍ ഇനി ശുപാര്‍ശകളും നിവേദനങ്ങളുമായി മന്ത്രിയെ നേരിട്ട് ബന്ധപ്പെടരുതെന്നും നിര്‍ദ്ദേശമുണ്ട്. സംസ്ഥാന സമിതിയിലൂടെ മാത്രമേ അത്തരം കാര്യങ്ങള്‍ക്ക് സമീപിക്കാവൂ എന്നാണ് പാര്‍ട്ടി തീരുമാനമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Indiatoday Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് അടിയന്തര തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പീഡന പരാതി ഉന്നയിച്ച കുണ്ടറയിലെ പെണ്‍കുട്ടിയുടെ അച്ഛനടക്കം 6 പേരെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. മന്ത്രിയുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് ചാനലുകളിലേക്ക് എത്തിച്ച കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്ട്, സംസ്ഥാന സമിതി അംഗം പ്രദീപ് കുമാര്‍, മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിക്ടോ, സംസ്ഥാന സമിതി അംഗങ്ങളായ ജയന്‍ പുത്തന്‍പുരയ്ക്കല്‍, സലീം കാലിക്കറ്റ് എന്നിവരെയും എന്‍വൈസി കൊല്ലം പ്രസിഡന്റ് ബിജുവിനെയും ആണ് എന്‍സിപി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

എന്‍സിപി കുണ്ടറ ബ്ലോക്ക് പ്രസിഡന്റും പരാതിക്കാരിയുടെ അച്ഛനുമായ ബെനഡിക്ട്, നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി കൂടിയാണെന്ന് പി സി ചാക്കോ ആരോപിച്ചു. അച്ചടക്ക ലംഘനത്തിനാണ് സസ്‌പെന്‍ഷന്‍. പ്രദീപ് കുമാര്‍ മന്ത്രിയെ കൊണ്ട് ഫോണ്‍ ചെയ്യിപ്പിച്ചുവെന്നും ഹണി വിക്ടോ ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നുമാണ് എന്‍സിപി സംസ്ഥാന അധ്യക്ഷന്റെ വിശദീകരണം.
 
മന്ത്രി മുതിര്‍ന്ന എന്‍സിപി നേതാവാണ്. പാര്‍ട്ടിക്ക് പ്രശ്‌നമുണ്ടാകുമ്പോള്‍ മന്ത്രി ഇടപെടുന്നതില്‍ തെറ്റില്ല. മന്ത്രിമാരും പാര്‍ട്ടിക്കാരും ഇടപെടേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നതിന് പെരുമാറ്റ ചട്ടം ഉണ്ടാക്കിയിട്ടുണ്ടെന്നും പി സി ചാക്കോ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പരാതിയില്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്നും മന്ത്രി ഒത്തുതീര്‍പ്പിനു ശ്രമിക്കുകയാണെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. യുവതിയുടെ അച്ഛനുമായി മന്ത്രി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തു വന്നതോടെ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷം ശക്തമായ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയത്.