കര്‍ണാടക മുഖ്യമന്ത്രിയായി രണ്ടു വര്‍ഷം തികച്ചതിന് പിന്നാലെയാണ് ബി.എസ്. യെദിയൂരപ്പ രാജി പ്രഖ്യാപിച്ച്ത്. ഗവര്‍ണറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ബി.ജെ.പി സര്‍ക്കാറിന്റെ രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്ന ചടങ്ങിലാണ് യെദിയൂരപ്പ രാജി പ്രഖ്യാപിച്ചത്.
ഭരണത്തിലിരിക്കെ ബി.ജെ.പിക്കകത്തെ അധികാര വടംവലിയാണ് യെദിയൂരപ്പക്ക് ഏറെ തലവേദന സൃഷ്ടിച്ചത്. ബസനഗൗഡ പാട്ടീല്‍ യത്നാല് അടക്കമുള്ള നേതാക്കള്‍ നിരന്തരം വിമര്‍ശനമുന്നയിച്ചു. മകന്‍ ബി.വൈ. വിജയേന്ദ്രയുടെ ഭരണതലത്തിലെ ഇടപെടല്‍ ഭരണകക്ഷിയിലും പ്രതിപക്ഷത്തിലും ചര്‍ച്ചയായി. 2019ലെ പ്രളയത്തില്‍ വന്‍ നാശനഷ്ടം നേരിട്ട കര്‍ണാടകക്ക് ആവശ്യപ്പെട്ട ഫണ്ട് പോലും കേന്ദ്രം അനുവദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിലിരുത്തി പറയേണ്ട ഗതികേടും യെദിയൂരപ്പക്കുണ്ടായി.
കോവിഡ് വ്യാപനത്തിന്റെ ഒന്നാം ഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തിയ കോടികളുടെ അഴിമതി വിവരം കോണ്‍ഗ്രസ് പുറത്തു കൊണ്ടുവന്നു. അനധികൃത ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രി വിചാരണ നേരിടണമെന്ന് കര്‍ണാടക ഹൈക്കോടതിക്ക് പറയേണ്ട സാഹചര്യവുമുണ്ടായി. ഒടുവില്‍ രണ്ടു വര്‍ഷം തികക്കുന്നതോടെ മുഖ്യമന്ത്രി പദത്തില്‍നിന്നിറക്കാന്‍ പാര്‍ട്ടിയില്‍ ചരടുവലി സജീവമായി. ബി.ജെ.പി നേതാക്കളായ കെ.എസ്. ഈശ്വരപ്പ, നളിന്‍കുമാര്‍ കട്ടീല്‍ തുടങ്ങിയവര്‍ ഒളിഞ്ഞും യത്നാല്, എ.എച്ച്. വിശ്വനാഥ്, അരവിന്ദ് ബല്ലാഡ്, സി.പി. യോഗേശ്വര്‍ തുടങ്ങിയവര്‍ തെളിഞ്ഞും യെദിയൂരപ്പക്കെതിരെ പട നയിച്ചു.
2019 ജൂലൈ 26നായിരുന്നു കര്‍ണാടകയുടെ 25ാം മുഖ്യമന്ത്രിയായി യെദിയൂരപ്പ അധികാരമേറ്റത്. തുടക്കം മുതല്‍ വിവാദങ്ങളുടെ അകമ്ബടിയോടെയായിരുന്നു ഭരണം. സഖ്യ സര്‍ക്കാറിന്റെ അട്ടിമറിയില്‍ തുടങ്ങി വിമത നേതാക്കളെ ബി.ജെ.പിയില്‍ ഉള്‍പ്പെടുത്തി ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നല്‍കലും മന്ത്രിസ്ഥാനം നല്‍കലുമെല്ലാം പാര്‍ട്ടിയില്‍ ഒറ്റക്കുനിന്നാണ് യെദിയൂരപ്പ നേടിയെടുത്തത്.
ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെ.ഡി-എസും തെരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കി അധികാരത്തിലേറിയതും ഒരു വര്‍ഷം തികഞ്ഞപ്പോള്‍ 17 എം.എല്‍.എമാരെ ഭരണപക്ഷത്തു നിന്ന് വരുതിയിലാക്കി യെദിയൂരപ്പയുടെ നേതൃത്വത്തില്‍ സര്‍ക്കാറിനെ അട്ടിമറിച്ചതും ചരിത്രം. കുതിരക്കച്ചവടത്തിന്റെയും ഓപറേഷന്‍ താമരയുടെയും കരിനിഴലില്‍ സത്യപ്രതിജ്ഞ ചെയ്ത യെദിയൂരപ്പ കര്‍ണാടക രാഷ്ട്രീയത്തില്‍ കുതന്ത്രങ്ങളുടെ ചാണക്യനാണെന്ന് തെളിയിച്ച നാളുകളായിരുന്നു അത്.
കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി-എസില്‍ നിന്നും രാജിവെച്ച എം.എല്‍.എമാര്‍ ബി.ജെ.പിയുടെ തണലില്‍ സുരക്ഷിതമായി മുംബൈയിലെ ഹോട്ടലില്‍ കഴിയുമ്ബോഴായിരുന്നു ബംഗളൂരുവിലെ രാജ്ഭവനില്‍ യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ. എം.എല്‍.എമാര്‍ക്കായി യെദിയൂരപ്പ വിലപേശുന്ന ശബ്ദസന്ദേശമടക്കം പുറത്തായിട്ടും അന്വേഷണമൊന്നും എവിടെയുമെത്തിയില്ല.
75 വയസ്സ് കഴിഞ്ഞവരെ മുഖ്യമന്ത്രിയടക്കമുള്ള പ്രധാന ചുമതലകള്‍ ഏല്‍പിക്കേണ്ടതില്ലെന്ന ബി.ജെ.പി നയം മാറ്റിവെച്ചാണ് കര്‍ണാടകയിലെ സവിശേഷ സാഹചര്യം പരിഗണിച്ച് 78 കാരനായ യെദിയൂരപ്പയെ പാര്‍ട്ടി മുഖ്യമന്ത്രിയാക്കിയത്. ലിംഗായത്ത് നേതാവായ യെദിയൂരപ്പക്ക് പിന്തുണയുമായി ലിംഗായത്ത് മഠാധിപതികളടക്കം പരസ്യമായി രംഗത്തിറങ്ങിയ സാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചിട്ടുള്ളത്.
കോണ്‍ഗ്രസ്-ജെ.ഡി-എസ് സഖ്യത്തെ മറികടന്ന് ഗവര്‍ണറുടെ പ്രത്യേക താല്‍പര്യത്തില്‍ സര്‍ക്കാര്‍ രൂപവത്കരിച്ച് സത്യപ്രതിജ്ഞ ചെയ്ത യെദിയൂരപ്പ ഭൂരിപക്ഷം തെളിയിക്കാനാവാതെ മൂന്നു ദിവസത്തിനുള്ളില്‍ രാജിവെച്ചു. പിന്നീട് സഖ്യ സര്‍ക്കാര്‍ ഭരണത്തിലേറിയതും ഒരു വര്‍ഷത്തിനു ശേഷം സഖ്യത്തെ അട്ടിമറിച്ച് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി ഭരണം പിടിച്ചതും കര്‍ണാടക രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത ഏടുകളാണ്.