Headlines
Loading...
ലാപ്‌ടോപ്പ് പദ്ധതിയില്‍ വീഴ്ച: കമ്പനികള്‍ക്കെതിരേ സര്‍ക്കാര്‍ നടപടിക്ക്

ലാപ്‌ടോപ്പ് പദ്ധതിയില്‍ വീഴ്ച: കമ്പനികള്‍ക്കെതിരേ സര്‍ക്കാര്‍ നടപടിക്ക്

വിദ്യാശ്രീ ലാപ്ടോപ്പ് പദ്ധതിയില്‍ വീഴ്ച വരുത്തിയ കമ്പനികള്‍ക്കെതിരെ നിയമനടപടിയുമായി സര്‍ക്കാര്‍. ലാപ്ടോപ്പുകള്‍ നല്‍കാമെന്നേറ്റ കമ്പനികള്‍ ഓര്‍ഡറുകള്‍ ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി എടുക്കാന്‍ കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ വായ്പാ പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലാപ്ടോപ്പ് വാങ്ങിയ ബില്‍ ഹാജരാക്കിയാല്‍ 20,000 രൂപ വരെ വായ്പയായി അനുവദിക്കും.


മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലെ പരിമിതികളില്‍ നിന്നും ഓണ്‍ലൈന്‍ പഠനം കാര്യക്ഷമമാക്കാനാണ് ലാപ്‌ടോപ്പുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കെഎസ്എഫ്ഇയും കുടുംബശ്രീയും ഐടിമിഷനും ചേര്‍ന്നായിരുന്നു പ്രവര്‍ത്തനങ്ങള്‍.


ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Indiatoday Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ


ചിട്ടി പദ്ധതി ലക്ഷ്യം കാണാത്ത സാഹചര്യത്തിലാണ് സ്വന്തം നിലയ്ക്ക് ലാപ്‌ടോപ്പ് വാങ്ങുന്നവര്‍ക്കുള്ള വായ്പ അനുവദിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ലാപ്ടോപ്പുകള്‍, ടാബ്ലറ്റുകളുടെ ബില്‍, ഇന്‍വോയ്സ് എന്നിവയിലേതെങ്കിലും ഹാജരാക്കിയാല്‍ ഇരുപതിനായിരം രൂപ വരെ വായ്പ കെഎസ്എഫ്ഇയില്‍ നിന്ന് അനുവദിക്കും.


കോക്കോണിക്‌സ്, എയ്‌സര്‍, എച്ച് പി, ലെനോവോ എന്നീ കമ്പനികളുമായാണ് സര്‍ക്കാര്‍ ധാരണയുണ്ടാക്കിയിരുന്നത്. എച്ച് പി, ലെനോവോ എന്നീ കമ്പനികളാണ് ഇതുവരെ ലാപ്‌ടോപ്പുകള്‍ നല്‍കാത്തത്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് അസംസ്‌കൃത സാമഗ്രികള്‍ ലഭ്യമാകാത്തതു കൊണ്ടാണ് ലാപ്ടോപ്പുകള്‍ വൈകുന്നത് എന്നാണ് കമ്പനികള്‍ നല്‍കുന്ന വിശദീകരണം. കോക്കോണിക്‌സ്, എയ്‌സര്‍ എന്നിവയ്ക്ക് നല്‍കിയ പര്‍ച്ചയ്‌സ് ഓര്‍ഡര്‍ പ്രകാരമുള്ള ലാപ്‌ടോപ്പുകള്‍ ഈ മാസത്തോടെ പൂര്‍ണമായും വിതരണം ചെയ്യും.


49 ശതമാനം സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തമുള്ള കോക്കോണിക്‌സ് കമ്പനി വിതരണം ചെയ്ത ലാപ്‌ടോപ്പുകള്‍ മിക്കവയും ഉപയോഗ ശൂന്യമെന്നാണ് ഉയരുന്ന മറ്റൊരാക്ഷേപം. പിഴവുണ്ടെന്ന് കോക്കോണിക്‌സും സമ്മതിക്കുന്നു. 2100 ഓളം ലാപ്‌ടോപ്പുകളാണ് ഇതുവരെ വിതരണം ചെയ്തത്. ഇരുപത് ശതമാനം ലാപ്‌ടോപ്പുകളിലും പ്രശ്‌നങ്ങളുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. സാങ്കേതിക പ്രശ്‌നങ്ങളുണ്ടായി 28 ദിവസത്തിനകം പരിഹാരം കാണണമെന്നായിരുന്നു കമ്പനികള്‍ക്ക് നല്‍കിയിരുന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം. കേടായത് മാറ്റി നല്‍കുകയോ, ശരിയാക്കുകയോ ചെയ്യാത്ത പക്ഷം മാസം 500 രൂപയെന്ന നിരക്കില്‍ കമ്പനികളില്‍ നിന്നും ഈടാക്കാനും വ്യവസ്ഥയുണ്ട്.

പുതിയ പദ്ധതി പ്രകാരം, പ്രതിമാസം അഞ്ഞൂറ് രൂപ വീതം നാല്‍പത് തവണകളായി വായ്പ തിരിച്ചടയ്ക്കണം. കുടുംബശ്രീ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കാണ് ഈ വായ്പ ലഭ്യമാകുക. നിലവില്‍ ഓര്‍ഡര്‍ നല്‍കിയിട്ടുള്ള എച്ച് പി, ലെനോവോ കമ്പനികളുടെ ലാപ്ടോപ്പുകള്‍ തന്നെ മതി എന്നുള്ളവര്‍ക്ക് കമ്പനികള്‍ ലഭ്യമാക്കുന്ന മുറയ്ക്ക് അവ നല്‍കാനുള്ള സൗകര്യവുമുണ്ടാകും.