Sports
കിരീടം ‘ഹോമിലേക്കോ’ അതോ ‘റോമിലേക്കോ? യൂറോപ്പിന്റെ ചാമ്പ്യന്മാരെ ഇന്നറിയാം
യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്മാരെ ഇന്നു രാത്രി അറിയാം. ചരിത്രത്തില്‍ ആദ്യമായി യൂറോ കപ്പ് ഫൈനല്‍ കളിക്കുന്ന ഇംഗ്ലണ്ടും ഒരു തവണ ജേതാക്കളായ ഇറ്റലിയുമാണ് കൊമ്പുകോര്‍ക്കുന്നത്. യൂറോപ്യന്‍ യുദ്ധത്തിന്റെ കലാശക്കൊട്ട് നടക്കുന്നത് ഫുട്‌ബോളിന്റെ ഈറ്റില്ലമായി ലണ്ടനിലെ വെംബ്ലി സ്‌റ്റേഡിയത്തില്‍. ഇന്നു രാത്രി 12:30 മുതലാണ് മത്സരം.
ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച രണ്ടു ടീമുകളാണ് ഫൈനലില്‍ ഇന്ന് ഇറങ്ങുന്നത്. സെമിഫൈനലില്‍ ഡെന്‍മാര്‍ക്കിനെ തോല്‍പിച്ചാണ് ഇംഗ്ലണ്ട് വരുന്നതെങ്കില്‍ ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിനൊടുവില്‍ സ്‌പെയിനെ വീഴ്ത്തിയാണ് ഇറ്റലിയുടെ ഫൈനല്‍ പ്രവേശനം.
ടൂര്‍ണമെന്റില്‍ ഒരു മത്സരത്തിലും ജയമല്ലാതെ മറ്റൊന്നും നേടിയിട്ടില്ലാത്ത ടീമാണ് ഇറ്റലി. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മൂന്നു മത്സരങ്ങളില്‍ നിന്ന് ഏഴു ഗോളുകളാണ് ഇറ്റലി എതിരാളികളുടെ വലയില്‍ നിക്ഷേപിച്ചത്. ടൂര്‍ണമെന്റില്‍ ഇതുവരെ 12 ഓപ്പണ്‍(സെമിഫൈനലിലെ ഷൂട്ടൗട്ട് കൂട്ടാതെ) ഗോളുകള്‍ നേടിയ അവര്‍ വഴങ്ങിയതാകട്ടെ വെറും മൂന്നു ഗോളുകളും.
പരമ്പരാഗത ശൈലിയായ പ്രതിരോധത്തിനൊപ്പം ഇക്കുറി ആക്രമണവുമാണ് അവരുടെ മുഖമുദ്ര. പേരുകേട്ട പ്രതിരോധ നിരയില്‍ ഗോള്‍ കീപ്പര്‍ ഡൊണ്ണാരുമ്മയും നായകന്‍ ജോര്‍ജിയോ ചെല്ലീനി, ലിയോനാര്‍ഡോ ബൊനൂച്ചി, അലസാന്‍ഡ്രോ ഫ്‌ളോറന്‍സി എന്നിവര്‍ മിന്നുന്ന ഫോമിലാണ്. ഇവര്‍ക്കൊപ്പം കാവല്‍ നിന്ന റൈറ്റ് ബാക്ക് ലിയോനാര്‍ഡോ സ്പിനിസോളയുടെ പരുക്ക് മാത്രമാണ് ഇറ്റലിയെ വലയ്ക്കുന്നത്.
സ്പിനിസോളയുടെ അഭാവത്തില്‍ എമേഴ്‌സണാകും ആ റോള്‍ കൈകാര്യം ചെയ്യുക. മധ്യനിരയില്‍ ജോര്‍ജീന്യോ-മാര്‍ക്കോ വെരാറ്റി-നിക്കോളാസ് ബരെല്ല ത്രയമാകും കളി നിയന്ത്രിക്കുക. ഒപ്പം ആക്രമണത്തിന്റെ ചുമതലയുമായി മാനുവല്‍ ലൊക്കാറ്റലിയും. മുന്‍നിരയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ലോറന്‍സോ ഇന്‍സിഗ്‌നെയും സിറോ ഇമ്മൊബൈലും ഫെഡ്രിക്കോ ചിയേസയും തന്നെയാകും ആക്രമണങ്ങള്‍ നയിക്കുക. കഴിഞ്ഞ 33 മത്സരങ്ങളില്‍ പരാജയം അറിയാതെ വരുന്ന മാന്‍സിനിയുടെ ഇറ്റലി തുടര്‍ച്ചയായി 14 കളികളില്‍ ജയിച്ച വലിയ ആത്മവിശ്വാസവും ആയി ആവും വെംബ്ലിയില്‍ ഇറങ്ങുക.
മറുവശത്ത് സ്വന്തം കാണികളുടെ മുന്നില്‍ കളിക്കുന്നുവെന്ന ആത്മവിശ്വാസവുമായാണ് ഇംഗ്ലണ്ട് കളത്തില്‍ ഇറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് വിജയവും ഒരു സമനിലയുമായി നോക്കൗട്ട് റൗണ്ടില്‍ എത്തിയ ഇംഗ്ലണ്ട് ശക്തരായ ജര്‍മ്മനിയെ പ്രീക്വാര്‍ട്ടറിലും പിന്നീട് ഉക്രൈനെ ക്വാര്‍ട്ടറിലും വീഴ്ത്തി.
സെമി ഫൈനലില്‍ ഡംസ്ഗാര്‍ഡ് നേടിയ അത്ഭുത ഫ്രീകിക്ക് അല്ലാതെ ഒരു ഗോള്‍ പോലും ഇംഗ്ലീഷ് ഡിഫന്‍സ് വഴങ്ങിയിട്ടില്ല.ഇംഗ്ലണ്ടിന്റെ ആദ്യ യൂറോ കപ്പ് ഫൈനലാണിത്. 1966 ലോകകപ്പ് കിരീടത്തിനു ശേഷം ഒരു കിരീടം ഇംഗ്ലണ്ട്് നേടിയിട്ടില്ല.