entertainment desk
9 വര്‍ഷത്തെ പ്രണയം, വിവാഹം ഉടനെ: തുറന്നുപറഞ്ഞ് സ്വാസിക
സിനിമാ സീരിയല്‍ താരമായി പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് സ്വാസിക. അടുത്തിടെയാണ് വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സഹനടിക്കുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടിക്ക് ലഭിച്ചത്. സീരിയലിനേക്കാള്‍ ഇപ്പോള്‍ സിനിമാ രംഗത്താണ് നടി കൂടുതല്‍ സജീവമായിരിക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ വിവാഹത്തെ കുറിച്ചുള്ള സൂചനകൾ നൽകുകയാണ് സ്വാസിക. നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിൽ അതിഥിയായി എത്തിയപ്പോഴാണ് വിവാഹത്തെ കുറിച്ച് സ്വാസിക സംസാരിച്ചത്.
വിവാഹം എന്നാണ് എന്ന അനുവിന്റെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു സ്വാസിക. ‘വിവാഹം അടുത്തടുത്ത് വരുന്നുണ്ട്. മിക്കവാറും ഡിസംബറിലോ ജനുവരിയിലോ കാണുമെന്നാണ് എന്റെയൊരു നിഗമനം. ഡിസംബറിൽ വേണോ അതോ കുറച്ചൂടി വെയിറ്റ് ചെയ്ത് ജനുവരിയിൽ മതിയോ എന്ന ആലോചനയിലാണ്. നിങ്ങളെയൊക്കെ വിളിക്കേണ്ടേ?’ സ്വാസിക പറയുന്നു.
പ്രണയവിവാഹമാണോ? എന്ന ചോദ്യത്തിന് അതെ, ഒമ്പത് വർഷത്തോളമായുള്ള പ്രണയമാണെന്നും സ്വാസിക പറയുന്നു. എന്നാൽ പ്രണയിതാവിന്റെ പേരോ മറ്റു വിവരങ്ങളോ സ്വാസിക വെളിപ്പെടുത്തിയിട്ടില്ല.
നേരത്തെ നടനും എഴുത്തുകാരനുമായ ബദ്‌രിനാഥുമായി താരം വിവാഹിതയാകുന്നുവെന്ന് ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. വെബ്സീരിസിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് എടുത്തൊരു ചിത്രമാണ് തെറ്റായ രീതിയിൽ പ്രചരിച്ചത്. പത്തുവർഷത്തെ പരിചയവും സൗഹൃദവുമുള്ള വ്യക്തിയാണ് ബദ്‌രിനാഥെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സ്വാസിക അന്ന് പറഞ്ഞിരുന്നു.