Headlines
Loading...
നേതാക്കളുടെ പരിപാടിയെല്ലാം പ്രദേശിക നേതൃത്വം അറിഞ്ഞ് മതി; നിലപാട് കടുപ്പിച്ച് അമ്പലപ്പുഴ ഏരിയാകമ്മിറ്റി

നേതാക്കളുടെ പരിപാടിയെല്ലാം പ്രദേശിക നേതൃത്വം അറിഞ്ഞ് മതി; നിലപാട് കടുപ്പിച്ച് അമ്പലപ്പുഴ ഏരിയാകമ്മിറ്റി

നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആലപ്പുഴയില്‍ നീക്കങ്ങള്‍ കടുപ്പിച്ച് സിപിഐഎം. സംസ്ഥാന നേതാക്കളുടെയോ ജില്ലാ നേതാക്കളുടെയോ എംപി, എംഎല്‍എമാര്‍ എന്നിവരുടെയോ പരിപാടികള്‍ പാര്‍ട്ടിയുടെ ഏരിയാ നേതൃത്വത്തെ അറിയിച്ചിട്ട് വേണം എന്നാണ് സിപിഐഎം അമ്പലപ്പുഴ ഏരിയാ സെക്രട്ടറിയുടെ സര്‍ക്കുലര്‍. നേരത്തേയും പരിപാടികള്‍ പ്രാദേശിക നേതൃത്വത്തെ അറിയിച്ചിട്ടാണ് നടത്താറുള്ളതെങ്കിലും ഇപ്പോള്‍ അത്തരത്തിലുള്ള ഒരു സര്‍ക്കുലര്‍ ഇറങ്ങിയത് വിമര്‍ശനത്തിന് വഴിവെച്ചിരിക്കുന്നത്.

ഏരിയാ സെക്രട്ടറി ഓമനക്കുട്ടനാണ് സര്‍ക്കുലര്‍ അയച്ചത്. എന്നാല്‍ ഇത് മുന്‍ മന്ത്രി ജി സുധാകരനനെതിരേയുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആരോപണം ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. എച്ച് സലാം എംഎല്‍എക്ക് മേല്‍കൈയുള്ള ഏരിയാ കമ്മിറ്റിയാണ് അമ്പലപ്പുഴയിലേത്.

നിയമസഭാ തെരഞ്ഞെടുപ്പില് അമ്പലപ്പുഴയില്‍ സിപി ഐഎമ്മിന് വീഴ്ച്ച സംഭവിച്ചുവെന്ന ആരോപണത്തില്‍ ജി സുധാകരനെതിരെ അന്വേഷണം നടക്കുകയാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എളമരം കരീം, കെജെ തോമസ് എന്നിവരാണ് വിഷയം അന്വേഷിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉള്‍പ്പെടെ ജി സുധാകരന്‍ വീഴ്ച്ച വരുത്തിയെന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു അന്വേഷണം. നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഏരിയാ സെക്രട്ടറിയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങുന്നത്. തെരഞ്ഞെടുപ്പില്‍ ടേം നിബന്ധന അനുസരിച്ച ജി സുധാകരനെ മാറ്റി എച്ച്. സലാം മത്സരിച്ച അമ്പലപ്പുഴയില്‍ പതിനായിരത്തോളം വോട്ടിന്റെ കുറവാണ് എല്‍ഡിഎഫിന് ഉണ്ടായത്. ഭൂരിപക്ഷത്തിലും വലിയ ചോര്‍ച്ച ഉണ്ടായി. ഇതിന് പിന്നാലെ ജില്ലാ നേതൃയോഗം തെരഞ്ഞെടുപ്പ് പ്രകടനം അവലോകനം ചെയ്തപ്പോള്‍ സുധാകരനെതിരെ സലാം പ്രതികരിച്ചിരുന്നു. സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് ഒഴിവാക്കപ്പെട്ട സുധാകരന്‍ പകരം മത്സരിച്ച തന്നോട് സഹകരിച്ചില്ലെന്നായിരുന്നു പ്രധാനമായും സലാം ഉന്നയിച്ചത്. തന്നെ എസ്ഡിപിഐക്കാരന്‍ ആയി ചിത്രീകരിക്കാനുള്ള നീക്കങ്ങളെ പ്രതിരോധിച്ചില്ല. ആദ്യ ഘട്ടത്തില്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു.

വിഷയം വിവാദമായിട്ടും ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാനോ യോഗങ്ങളില്‍ പങ്കെടുക്കാനോ ജി സുധാകരന്‍ തയ്യാറായില്ല. വെള്ളി ശനി ദിവസങ്ങളില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുത്തിട്ടില്ല.