ബോള്‍ കൈവശം വച്ചു, ഗോളടിക്കാന്‍ മറന്നു; പോളണ്ടിനെതിരെ സ്‌പെയിനിന്റെ അടിതെറ്റിച്ച് സമനില
യൂറോ കപ്പില്‍ ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തില്‍ സ്‌പെയിനിന് വീണ്ടും സമനില. നിര്‍ണായക മത്സരത്തില്‍ പോളണ്ടിനോടാണ് സ്‌പെയിന്‍ സമനില വഴങ്ങിയത്. ആദ്യകളിയുടെ ആവര്‍ത്തന സ്വഭാവമാണ് സ്‌പെയിന്‍ പോളണ്ടിനെതിരെയും കാഴ്ചവച്ചത്. ഇതോടെ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ബോള്‍ കൈവശം വച്ച് കളിച്ച സ്‌പെയിന്‍ പക്ഷേ ഗോളടിക്കാന്‍ മറന്നതോടെ സ്പാനിഷ് ടീമിന്റെ നോക്കൗട്ട് സാധ്യതകളും അനിശ്ചിതത്വത്തിലായി.
പതിഞ്ഞ താളത്തില്‍ പതിവ് കളി പുറത്തെടുത്ത സ്‌പെയില്‍ 77 ശതമാനം ബോള്‍ പൊസിഷന്‍ കാത്തുവച്ചു. എന്നാല്‍ അവസരങ്ങള്‍ മുതലാക്കാതെ മുന്നേറ്റം തിരിച്ചടിയാവുമെന്ന് തിരിച്ചറിഞ്ഞില്ല. 25ാം മിനിറ്റില്‍ ജെറാര്‍ഡ് മൊറേനോ നീട്ടിനല്‍കിയ പാസ് പോളിഷ് ഗോള്‍കീപ്പറെ മറികടന്ന് മൊറാട്ട ലക്ഷ്യത്തിലെത്തിച്ച് സ്‌പെയിന്‍ മുന്‍തൂക്കം നേടി. പല തവണ സ്‌പെയിന്‍ പ്രതിരോധത്തെ പരീക്ഷിച്ച പോളണ്ട് 52ാം മിനിറ്റില്‍ സമനില പിടിച്ചു.
പെനല്‍റ്റിയായും മുന്നിലെത്താനുള്ള അവസരം സ്‌പെയിനിനെ തേടിയെത്തി. എന്നാല്‍ കിക്കെടുത്ത ജെറാര്‍ഡ് മൊറേനോക്ക് പിഴച്ചു. റീബൗണ്ട് മൊറാട്ടയും പുറത്തേക്കടിച്ച് അവസരം നശിപ്പിച്ചു. അവസാന മിനുറ്റുകളില്‍ ലഭിച്ച അവസരങ്ങളും സ്‌പെയിനിന് പാഴാക്കി. തോല്‍ക്കാന്‍ മനസ്സില്ലെന്ന് വ്യക്തമാക്കി പോളിണ്ട് പ്രതിരോധം സര്‍വ കരുത്തുമെടുത്ത് സ്പാനിഷ് മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്തി. ഇതോടെ രണ്ട് സമനിലയുമായി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു സ്‌പെയിന്‍. നാലാമതാണ് പോളണ്ട്.