Headlines
Loading...
യുപി ജയിലിലെ വെടിവെപ്പ്; വിശദ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി; ‘യോഗി സര്‍ക്കാരിന്റെ കാലത്തെ എന്‍കൗണ്ടറുകള്‍ അന്വേഷിക്കണം’ up

യുപി ജയിലിലെ വെടിവെപ്പ്; വിശദ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി; ‘യോഗി സര്‍ക്കാരിന്റെ കാലത്തെ എന്‍കൗണ്ടറുകള്‍ അന്വേഷിക്കണം’ up

ഉത്തര്‍പ്രദേശിലെ ചിത്രാഘോട്ട് ജയിലില്‍ മൂന്നു വിചാരണത്തടവുകാര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോടതി മേല്‍നോട്ടത്തില്‍ സി ബി ഐ, എന്‍ ഐ എ അന്വോഷണങ്ങള്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി.

മെയ് 14നാണ് മൂന്നുവിചാരണത്തടവുകാര്‍ കൊല്ലപ്പെടാനിടയായ വെടിവെപ്പ് ചിത്രഘോട്ട് ജില്ലാജയിലിലുണ്ടായത്. വെടിവെപ്പിന് ഉത്തരവാദികളായവരെ കണ്ടെത്തുകയും അനുയോജ്യമായ ശിക്ഷ വിധിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പൊതുതാല്‍പര്യ ഹര്‍ജി സുപ്രിംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. മുതിര്‍ന്ന അഭിഭാഷകന്‍ അനൂപ് പ്രാകാശ് അവസ്തിയാണ് ഹര്‍ജി നല്കിയത്. യു പിയില്‍ നടക്കുന്ന എന്‍കൗണ്ടര്‍ കൊലപാതകങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയാണ് അവസ്തി ഹര്‍ജി നല്കിയത്. ബി എസ് പി എം എല്‍ എ മുക്താര്‍ അന്‍സാരിയുടെ സംഘത്തില്‍പ്പെട്ട ഒരാളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സംഭവത്തെ തുടര്‍ന്ന് രണ്ടു ജയില്‍ ജീവനക്കാരെ സസ്പെന്റ് ചെയ്തിരുന്നു.

യോഗി ആദിത്യനാഥ് യു പി മുഖ്യമന്ത്രിയായി ചുമതലയേറ്റ 2017 മാര്‍ച്ച് മുതല്‍ സംസ്ഥാനത്ത് നടക്കുന്ന ഇത്തരം കൊലപാതകങ്ങള്‍ സി ബി ഐയെക്കൊണ്ടോ എന്‍ ഐ എയെക്കൊണ്ടോ അന്വോഷിക്കാന്‍ നിര്‍ദേശം നല്കണമെന്ന ആവശ്യമാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചത്. നിയമവ്യവസഥയ്ക്ക് പുറത്തുനടക്കുന്ന കൊലപാതകങ്ങള്‍ സി ബി ഐയുടേയോ എന്‍ ഐ എയുടേയോ നേതൃത്വത്തില്‍ അന്വോഷിക്കണമെന്ന് ഹര്‍ജി ആവശ്യപ്പെട്ടു.യു പി സര്‍ക്കാര്‍ ജയിലുകളില്‍ ഭരണഘടനയ്ക്ക് എതിരായ ഇത്തരം കൊലപാതകങ്ങള്‍ ഭരണസംവിധാനത്തിന്റെ നേരിട്ടുള്ള ഉത്തരവു പ്രകാരം നടപ്പാക്കുന്നതായി ഹര്‍ജിയില്‍ ആരോപിച്ചു.

ഭരണഘടനാ ലംഘനവും പൗരന്റെ അവകാശമെന്ന അടിസഥാന ഭരണഘടനാ തത്ത്വങ്ങള്‍ക്കെതിരെയുമാണ് യു പി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത്തരം എന്‍കൗണ്ടറുകളേയും നിയമവ്യവസ്ഥയ്ക്ക് എതിരെ നടക്കുന്ന കൊലപാതകങ്ങളേയും പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചുവരുന്നത്.നിയമവ്യവസ്ഥയെ പൂര്‍ണമായും വെല്ലുവിളിക്കുന്ന വിധത്തിലാണ് യു പി മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെന്നും ഹര്‍ജി ചൂണ്ടിക്കാണിച്ചു.

പൊലീസ് സ്റ്റേഷനില്‍ ഒന്നോ രണ്ടോ വ്യക്തി വിദ്വോഷത്തിനാസ്പദമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം ആരേയും ഇത്തരത്തില്‍ എന്‍കൗണ്ടറുകളിലൂടെ കൊലപ്പെടുത്താമെന്ന് ഹര്‍ജി വിശദീകരിക്കുന്നു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ഇത്തരത്തില്‍ വിചാരണ തടവുകാരനായി കിടക്കുമ്പോള്‍ കൊലപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്ന് അവസ്തി ഹര്‍ജിയില്‍ വിശദമാക്കുന്നു. സ്വതന്ത്രമായ ഒരന്വോഷണമാണ് സംഭവത്തില്‍ താന്‍ ആവശ്യപ്പെടുന്നതെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.

അന്‍ഷു ദീക്ഷിത്, മെര്‍സുദ്ദീന്‍ എന്ന മീറജ് അലി, മുക്കീം കാല എന്നിവരാണ് ചിത്രഘോട്ട് ജില്ലാജയിലില്‍ കൊല്ലപ്പെട്ടത്. അന്‍ഷു ദീക്ഷിത് മീറജ് അലിയേയും മുക്കീം കാലയേയും വെടിവെച്ചതിനെ തുടര്‍ന്ന് പൊലീസ് അയാളെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ വിശദമാക്കുന്നത്. എന്നാല്‍ അന്‍ഷു ദീക്ഷിത് തന്നെ ജയില്‍ അധികൃതര്‍ എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തുമെന്ന് സൂചിപ്പിക്കുന്ന വീഡിയോ ഹര്‍ജിക്കാരനായ അവസ്തി മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു.

യു പിയില്‍ ഇത്തരത്തില്‍ നിയമവ്യവസ്ഥയെ മറികടന്ന് നിരവധി എന്‍കൗണ്ടര്‍ കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്. വികാസ് ദുബെയെ ഇത്തരത്തില്‍ കൊലപ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു.