മഹാമാരി ആഘോഷങ്ങളുടെ നിറം കെടുത്തിയെങ്കിലും ബത്തേരി മാക്കുറ്റി മുരിക്കും കാട്ടിൽ വീട്ടിൽ മൈലാഞ്ചിയിടുന്ന ഖദിയുമ്മയും പേരക്കുട്ടികളും
കൽപ്പറ്റ ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തികുറിച്ചുകൊണ്ട് വ്യാഴാഴ്‌ച ചെറിയ പെരുന്നാൾ. കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തിൽ പള്ളികളിലെ ഈദ് ഗാഹുകളില്ലാതെ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ജില്ലയിലെ വിശ്വാസി സമൂഹവും. പെരുന്നാൾ നമസ്കാരങ്ങളോ ഒത്തുചേരലുകളോ ഇല്ലാത്ത കോവിഡ് കാലത്തെ രണ്ടാമത്തെ ചെറിയ പെരുന്നാളാണിത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് നിലവിലെ പരിമിതികളെ പോസിറ്റീവായി കണ്ട് വീട്ടില്‍തന്നെ ഈദ് ആഘോഷിക്കാനും നിലവിലെ സാഹചര്യങ്ങളോട് സധൈര്യം പോരാടാനുമാണ് വിശ്വാസികള്‍ ഒരുങ്ങിയിരിക്കുന്നത്. പള്ളികൾ അടച്ചിട്ടതിനാൽ ചെറിയ പെരുന്നാൾ നമസ്കാരവും വീടുകളിൽനിന്നുതന്നെ നിർവഹിക്കാനാണ് മതനേതാക്കൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ആശംസകള്‍ ഫോണ്‍ വിളികളിലും വാട്‌സ്‌ആപ് സന്ദേശങ്ങളിലുമായി ഒതുങ്ങുകയാണ്. ബുധനാഴ്ച ഭക്ഷണമൊരുക്കാനുള്ള അവശ്യസാധനങ്ങള്‍ വാങ്ങാനാണ് വിശ്വാസികള്‍ വീടിന് പുറത്തിറങ്ങിയത്. അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മത്സ്യ-മാംസ കടകളുമാണ് ബുധനാഴ്ച തുറന്നത്. തലേദിവസത്തെ ഒരുക്കങ്ങളെല്ലാം ജാഗ്രതയോടും കരുതലോടും തന്നെയായിരുന്നു. പെരുന്നാളിനോടനുബന്ധിച്ച് ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന വസ്ത്രവ്യാപാര മേഖലയും ഇത്തവണ അടഞ്ഞുകിടക്കുകയായിരുന്നു. സാധാരണ ഈദ് ദിനത്തില്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ 8 മണിയോടെ തന്നെ പുത്തന്‍ വസ്ത്രങ്ങളും ചെരുപ്പുകളും അണിഞ്ഞ് കുട്ടികളും സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെടെ ആയിരക്കണക്കിന് വിശ്വാസികളാണ് ഈദ് ഗാഹുകളില്‍ എത്തുക. നിസ്‌കാരത്തിന് ശേഷം സന്തോഷം പങ്കുവച്ച് പരസ്പരം ആലിംഗനംചെയ്ത് ഈദ് ആശംസ നേര്‍ന്നശേഷമാണ് ഓരോരുത്തരും വീടുകളിലേക്ക് മടങ്ങാറ്. ആ പതിവ് രീതിയിലും മാറ്റം സംഭവിച്ചു. കോവിഡ് നിയന്ത്രണം പാലിച്ചായിരുന്നു ഈ നോമ്പ് കാലം
[എല്ലാ മാന്യ വായനക്കാർക്കും ഈദാശംസകൾ നേരുന്നു......
മുഹമ്മദ് ശാഹിം യു.കെ
....ചീഫ് എഡിറ്റർ ]