kerala
പുതുമോടിയോടെ രണ്ടാം പിണറായി മന്ത്രിസഭ; 21 അംഗങ്ങൾ; വകുപ്പിൽ തീരുമാനം പിന്നീട്
രണ്ടാം പിണറായി മന്ത്രിസഭയിൽ 21 അംഗങ്ങളുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. സിപിഎമ്മിൽ നിന്ന് പന്ത്രണ്ടും സിപിഐയ്ക്ക് നാലും കെസിഎം, ജെഡിഎസ്, എന്‍സിപി, ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ എന്നിവർക്ക് ഒന്ന് വീതവുമാണ് മന്ത്രിമാർ. സ്പീക്കര്‍ പദവി സിപിഎമ്മിനും ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐയ്ക്കുമാണ് നിശ്ചയിച്ചിരിക്കുന്നത്. വകുപ്പുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയെന്നും എ.വിജയരാഘവന്‍ വ്യക്തമാക്കി.
രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടെങ്കിലും കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനമേ നൽകിയിട്ടുള്ളൂ. ചീഫ് വിപ്പ് പദവിയും അനുവദിക്കും. കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളിയും രണ്ടാം ടേമിൽ മന്ത്രിമാരാകും. എല്‍ജെഡിക്ക് ജെഡിഎസുമായി മന്ത്രിസ്ഥാനം പങ്കിടാമെന്നും ഇടതുമുന്നണിയിൽ തീരുമാനമായി. അതിനിടെ എൻസിപിയുടെ കാര്യത്തിൽ നാളെ തീരുമാനമുണ്ടാകുമെന്ന് ടി.പി. പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി.
സിപിഎം മന്ത്രിമാരുടെ പട്ടികയില്‍ കെ.കെ.ശൈലജക്ക് മന്ത്രി സ്ഥാനം ഉറപ്പാണ്. എ.സി. മൊയ്തീനും പരിഗണനയില്‍ ഉണ്ട്.മറ്റ് സിപിഎം മന്ത്രിമാര്‍ ആരും തുടരില്ല. മുഹമ്മദ് റിയാസ്, കെ.രാധാകൃഷ്ണന്‍, എം.വി.ഗോവിന്ദന്‍, കെ.എന്‍.ബാലഗോപാല്‍, പി.രാജീവ് എന്നിവരും പരിഗണനയില്‍ ഉണ്ട്. രണ്ട് വനിതാ മന്ത്രിമാർക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. വീണ ജോർജ്, ആർ ബിന്ദു, കാനത്തിൽ ജമീല എന്നിവരുടെ പേരുകളാണ് ഉയരുന്നത്. എ.സി. മൊയ്തീൻ തുടരുകയാണെങ്കിൽ കാനത്തിൽ ജമീലയുടെ സാധ്യത മങ്ങും.