kerala
കെ.എം.ഷാജി എംഎല്‍എയുടെ വീട്ടിൽ റെയ്ഡ്; അരക്കോടി രൂപ കണ്ടെത്തി
കെ.എം.ഷാജി എംഎല്‍എയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നും വിജിലൻസ് 50 ലക്ഷം രൂപ കണ്ടെത്തി. അനധികൃത സ്വത്തുകേസിലെ വിജിലന്‍സ് പരിശോധനയിലാണ് പണം കണ്ടെത്തിയത്. അനധികൃത സ്വത്ത് സമ്പാദനകേസിൽ കെഎം ഷാജിക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി എംഎൽഎയുടെ കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാടിലേയും വീടുകളിൽ ഒരേ സമയം വിജിലൻസ് റെയ്ഡ് നടത്തുകയാണ്. കെ. എം. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
രാവിലെ ഏഴരയോടെയാണ് വിജിലൻസ് എസ്.പി ശശിധരന്‍റെ നേതൃത്വത്തിലുള്ള പ്രത്യക സംഘം കെ.എം. ഷാജിയുടെ മാലൂർ കുന്നിലെ വീട്ടിലെത്തിയത്. ഒന്നര മണിക്കൂറോളം പുറത്ത് പരിശോധന നടത്തിയ സംഘം പിന്നീട് അകത്തേക്ക് കയറി. ഈ സമയമെല്ലാം റെയ്ഡ് വീക്ഷിച്ച് കെ.എം. ഷാജിയും വീടിന് പുറത്തുണ്ടായിരുന്നു. കണ്ണൂർ ചാലോടിലും ഇതേ സമയം വിജിലൻസിന്റെ മറ്റൊരു സംഘം പരിശോധന ആരംഭിച്ചു. പ്രധാനമായും കെ. എം ഷാജിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി കൂടുതൽ വിവരങ്ങൾ തേടുകയാണ് ലക്ഷ്യം. 2012 മുതൽ 2021 വരെയുള്ള 9 വർഷ കാലഘട്ടത്തിൽ കെഎം ഷാജിക്ക് 166 ശതമാനം അധിക വരുമാനം ഉണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
അഭിഭാഷകനായ എം.ആർ. ഹരീഷ് നൽകിയ പരാതിയിൽ ആണ് ഷാജിക്കെതിരെ കേസ് എടുക്കാൻ വിജിലൻസ് കോടതി അനുമതി നൽകിയത്. കോഴിക്കോടുള്ള ഷാജിയുടെ വീട് നേരത്തെയും വിവാദത്തിലായിരുന്നു. കോർപ്പറേഷൻ നൽകിയ പ്ലാനിന് അപ്പുറത്തേക്ക് നിർമാണം നടത്തിയെനായിരുന്നു അന്നുയർന്ന പരാതി. ഭാര്യയുടെ പേരിലുള്ള ഈ വീടുമായി ബന്ധപ്പെട്ട് പിഴയടയ്ക്കാൻ ഷാജിക്ക് കോർപറേഷൻ നിർദ്ദേശം നൽകിയിരുന്നു